പയ്യന്നൂര്‍: മദ്യലഹരിയില്‍ വീട്ടില്‍ ബഹളമുണ്ടാക്കുന്ന പിതാക്കന്മാര് ജാഗ്രതൈ. വീട്ടില്‍ പഠിക്കുന്ന മക്കളുണ്ടെങ്കില്‍ പ്രത്യേകിച്ചും. മക്കളുടെ പഠനത്തിന് തടസം സൃഷ്ടിച്ചാല്‍ പിതാക്കന്മാര് അകത്താകും. ഇത്തരത്തിലുള്ള ഒരു സംഭവമാണ് ഇന്നലെ രാത്രി പയ്യന്നൂരിലുണ്ടായത്. എസ്എസ്എല്‍സി പരീക്ഷയ്ക്കൊരുങ്ങുന്ന വിദ്യാര്‍ഥിയെ പഠിക്കാൻ അനുവദിക്കാതിരുന്ന പിതാവ് ഒടുവില്‍ പോലീസ് കസ്റ്റഡിയിലായി.
പയ്യന്നൂര്‍ കേളോത്ത് ഗ്രാമിക റോഡിലെ 48കാരനാണ് പോലീസ് കസ്റ്റഡിയിലായത്. മദ്യലഹരിയില്‍ വീട്ടിലെത്തിയ ഇയാൾ വിദ്യാര്‍ഥിയുടെ പഠനത്തിന് തടസംസൃഷ്ടിച്ച് ബഹളമുണ്ടാക്കുകയായിരുന്നു. അർധരാത്രിയോടെ പരിസരവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൈല്ഡ്ലൈന് ഇടപെടുകയും പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാൾക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തിട്ടുമുണ്ട്.