കൊച്ചി: എസ്എസ്എല്‍സി പരീക്ഷയുടെ ഗ്രേഡില്‍ തൃപ്തിയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ മാര്‍ക്ക് അറിയാനുള്ള സംവിധാനമൊരുക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. പരീക്ഷാ ഫലപ്രഖ്യാപനം കഴിഞ്ഞു മൂന്നു മാസത്തിനുശേഷം 500 രൂപ ഫീസ് അടച്ചാല്‍ ഓരോ വിഷയത്തിന്റെയും മാര്‍ക്ക് അറിയാനാകുമെന്നാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ സര്‍ക്കുലറില്‍ ഉള്ളത്.
അപേക്ഷയുടെ നിശ്ചിത മാതൃകയും പുറത്തിറക്കിയിട്ടുണ്ട്. പരീക്ഷാ ഭവനില്‍ സ്കൂളിലെ പ്രഥമാധ്യാപകന് മുഖേന 500 രൂപ ഫീസ് അടച്ച് നിശ്ചിത മാതൃകയിലുള്ള അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷയില്‍ വിശദാശംങ്ങളും പരീക്ഷാ സെക്രട്ടറിയുടെ പേരില്‍ എടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റും സമര്‍പ്പിക്കുന്ന മുറയ്ക്ക് സ്കൂള്‍ മേല്‍വിലാസത്തില്‍ മാര്‍ക്ക് ഷീറ്റുകള്‍ അയച്ചു നല്‍കും.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2025 മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനത്തിനുശേഷം മാര്‍ക്ക് വിവരം ആവശ്യമായിട്ടുള്ള പരീക്ഷാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാനാവും.
ആവശ്യമുള്ളവരെ എസ്എസ്എല്‍സി പരീക്ഷയുടെ മാര്‍ക്ക് അറിയിക്കാന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. 2006 മാര്‍ച്ചിലാണ് മാര്‍ക്ക് ഒഴിവാക്കി ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് സമ്പ്രദായം ആരംഭിച്ചത്.
പരീക്ഷാ സമ്മര്‍ദം, അനാവശ്യ മത്സരം എന്നിവ ഒഴിവാക്കുകയും വിദ്യാര്‍ഥികളുടെ എല്ലാത്തരം കഴിവുകളെയും പരിഗണിക്കുകയുമാണ് ഗ്രേഡ് സമ്പ്രദായത്തിലൂടെ ലക്ഷ്യമിട്ടത്. ഉന്നത വിദ്യാഭ്യാസത്തിനും മറ്റും നിലവില്‍ ഗ്രേഡാണ് പരിഗണിക്കുന്നത്.
- സീമ മോഹന്‍ലാല്‍