കണ്ണൂര്‍: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടക്കുന്ന സ്കൂള്‍ പരിസരങ്ങളിൽ കര്‍ശന നിയന്ത്രണമൊരുക്കി ജില്ലാ പോലീസ്.
കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കുന്നതിനുപുറമെ സ്കൂളിന് 500 മീറ്റര്‍ ചുറ്റളവിലുള്ള കടകളടക്കമുള്ള സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കരുതെന്ന കര്‍ശന നിര്‍ദേശവും പോലീസ് നല്കി. പെണ്‍കുട്ടികളുടെ സൗകര്യാര്‍ഥം കൂടുതല്‍ വനിതാപോലീസ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
പരീക്ഷയുമായി ബന്ധപ്പെട്ട് ജില്ലകളിലെ പോലീസ് സംവിധാനത്തിന്റെ ഉത്തരവാദിത്തം എഎസ്പിമാര്‍ക്കും അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കുമാണ്. പരീക്ഷാകേന്ദ്രങ്ങളുടെ കൃത്യമായ വിവരം ജില്ലാ പോലീസ് മേധാവിമാരും കണ്ട്രോള് റൂമും സൂക്ഷിക്കും.
സാമൂഹിക അകലം ഉള്‍പ്പെടെയുളള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പരീക്ഷ നടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളെ സഹായിക്കാന്‍ ജനമൈത്രി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷ കഴിഞ്ഞശേഷവും പോലീസിന്റെ ജാഗ്രത തുടരും.
കൂടാതെ മാര്‍ക്കറ്റില്‍ അനാവശ്യമായി ജനങ്ങള്‍ കറങ്ങിനടക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ മാര്‍ക്കറ്റിലെ കടകളുടെ പ്രവര്‍ത്തനം ഉച്ചകഴിഞ്ഞ് മൂന്നുവരെയാക്കി നിജപ്പെടുത്തി. ഓട്ടോതൊഴിലാളികള്‍ ജില്ലയില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തിയതും ശ്രദ്ധേയമായി.
മാസ്ക് ധരിക്കാത്തവരെ ഓട്ടോയില്‍ കയറ്റില്ലെന്നാണ് തൊഴിലാളികളുടെ നിലപാടി.പലരും സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും വാഹനത്തിലൊരുക്കുന്നുണ്ട്.
കൂടാതെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒറ്റ നമ്പറില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ ഒരു ദിവസം സര്‍വീസ് നടത്തിയാല്‍ ഇരട്ട സംഖ്യ വരുന്ന ഓട്ടോകളാണ് അടുത്ത ദിവസം സര്‍വീസ് നടത്തുക. ഇങ്ങനെ ഇടവിട്ട ദിവസങ്ങളില്‍ സമയം ക്രമീകരിച്ചു.