തിരുവനന്തപുരം: മുൻ വർഷങ്ങളിലെപ്പോലെ പ്ലസ്ടു പരീക്ഷകൾ രാവിലെയും എസ്എസ്എസ്എൽസി പരീക്ഷകൾ ഉച്ചകഴിഞ്ഞും നടത്താൻ തീരുമാനം. ബുധനാഴ്ച ചേർന്ന ക്യുഐപി മോണിറ്ററിംഗ് യോഗത്തിലാണ് തീരുമാനം.
രണ്ടു പരീക്ഷകളും ഒരേ സമയത്ത് തന്നെ നടത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഇത്രയധികം വിദ്യാർഥികളെ ഒരേ സമയം പരീക്ഷയ്ക്ക് ഇരുത്താനുള്ള സൗകര്യമില്ലെന്ന ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റുകളുടെ അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് പഴയ രീതിയിൽ തന്നെ പരീക്ഷ നടത്താൻ തീരുമാനമായത്.
സംസ്ഥാനത്തെ 243 ഹയർസെക്കൻഡറി സ്കൂളിലും 66 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും രണ്ടു പരീക്ഷകളും ഒരേ സമയത്ത് നടത്താനുള്ള സൗകര്യമില്ലെന്ന് അറിയിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് 13 നു ആരംഭിച്ച് 28 ന് അവസാനിക്കും. മാർച്ച് 25 നു സോഷ്യൽ സ്റ്റഡീസ് പരീക്ഷയ്ക്ക് ശേഷം 26 നു പരീക്ഷ ഉണ്ടായിരിക്കില്ല.
വിദ്യാർഥികൾക്ക് ഏറെ ബുദ്ധിമുട്ടുള്ള വിഷയമായ ഗണിത ശാസ്ത്രം പരീക്ഷ മുൻ ടൈം ടേബിളിൽ നിന്നും വ്യത്യസ്ഥമായി 26 നു പകരം 27 നു നടത്തും. അധ്യാപക സംഘടനകളുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 18 മുതൽ 27 വരെ നടത്തും. വെള്ളിയാഴ്ച്ചകളിൽ പരീക്ഷ രാവിലെ 9.30 മുതലും അല്ലാത്ത ദിവസങ്ങളിൽ പത്തിനുമായിരിക്കും ആരംഭിക്കുക.