തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി/ടിഎച്ച്എസ്എൽസി/എഎച്ച്എസ്എൽസി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവാണ് ഇത്തവണത്തെ വിജയശതമാനത്തില്‍ പ്രകടമാകുന്നത്. കഴിഞ്ഞ വർഷം 99.7 ശതമാനമാനമായിരുന്നു വിജയം.
71831 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.ഏറ്റവും കൂടുതൽ വിജയ ശതമാനം നേടിയ റവന്യൂ ജില്ല കോട്ടയം. 99.92%. ഏറ്റവും കുറവ് വിജയ ശതമാനം തിരുവനന്തപുരം ജില്ലയിലാണ് 99.08 ശതമാനം. വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലാ (100 ശതമാനം). ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ് 4964 കുട്ടികൾ.
www.prd.kerala.gov.in, www. result. kerala. gov. in, www.examresults.kerala.gov.in, https:// sslcexam. kerala. gov.in, www. results. kite.kerala. gov.in, https:// pareeksha bhavan. kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും.
അടുത്ത വർഷം മുതൽ പരീക്ഷയുടെ രീതി മാറ്റുമെന്ന് മന്ത്രി അറിയിച്ചു. എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക് ഏർപ്പെടുത്തും. ഓരോ വിഷയത്തിലും 12 മാർക്ക് മിനിമം വേണം എന്ന രീതിയിലായിരിക്കും അടുത്ത വർഷം മുതൽ പരീക്ഷ നടത്തുക. മാറ്റം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ കോൺക്ലേവ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫലം വേഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്
എസ്എസ്എൽസി പരീക്ഷാഫലം പിആർഡി ലൈവ് മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കു കൂടുന്നതിനനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഫലം തടസമില്ലാതെ വേഗത്തിൽ ലഭ്യമാകും.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ PRD Live ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.