ചെങ്ങന്നൂർ: ഹൃദ്രോഗംമൂലം ദിവസവും സ്കൂളിൽപോലും പോകാൻ കഴിയാതിരുന്ന ശാലീന ഇച്ഛാശക്തികൊണ്ടു നേടിയത് എസ്എസ്എൽസി പരീക്ഷയിലെ മിന്നുന്ന വിജയം. പുത്തൻകാവ് സെൻറ് ആൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി വിദ്യാർഥിനി ശാലീന ഒൻപത് എ പ്ലസും ഒരു എ ഗ്രേഡും നേടി വിജയിച്ചപ്പോൾ സന്തോഷത്തിലായത് ഒരുനാട് ഒന്നടങ്കമാണ്. ചെറുപ്പം മുതൽക്കെ ഹൃദയസംബന്ധമായ രോഗത്തിനു ചികിത്സയിലായ
ശാലീന തുടക്കത്തിൽ തിരുവന്തപുരം ശ്രീചിത്ര ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സ നടത്തി വരികയാണ്. ശാലീനയുടെ ശാരീരിക ബുദ്ധിമുട്ട് പരിഗണിച്ച് മുകൾ നിലയിൽ പ്രവർത്തിച്ചിരുന്ന ക്ലാസ്മുറി അധ്യാപകർ താഴത്തെ നിലയിലേക്ക് മാറ്റിക്കൊടുത്തിരുന്നു. പിതാവ് ശെൽവരാജ് ഡ്രൈവറാണ്. മാതാവ് ദീപ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.
ഏക സഹോദരി ശിൽപ മധുരയിൽ കെമിക്കൽ എൻജിനിയറിംഗ് അവസാന വർഷ വിദ്യാർഥിനിയാണ്. ഒരു ഐഎഎസുകാരി ആകണമെന്നാണ് ശാലീനയുടെ ആഗ്രഹം. സെന്റ് ആൻസ് സ്കൂളിൽ ഇത്തവണ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥിനികളും വിജയിച്ചിരുന്നു. ശാലീനയുടെ ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ വേറെ പ്രതിവിധി ഇല്ലെന്നാണ് ചികിത്സിച്ച ഡോക്ടർമാർ പറയുന്നത്. ആ ചിലവ് താങ്ങാനുള്ള കരുത്ത് ഈ കൊച്ചുകുടുംബത്തിനില്ല.