തിരുവനന്തപുരം: കനത്ത ജാഗ്രതയിൽ ഇന്ന് സംസ്ഥാനത്ത് എസ്എസ്എൽസി, വിഎച്ച്എസ്ഇ, ഹയർസെക്കന്ററി പരീക്ഷയെഴുതാൻ വിദ്യാർത്ഥികൾ സ്കൂളുകളിലെത്തി. 13.7 ലക്ഷം വിദ്യാർത്ഥികളാണ് മൂന്ന് വിഭാഗങ്ങളിലായി ഇന്ന് പരീക്ഷയെഴുതാൻ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നത്.
സ്കൂളുകൾക്ക് കൊറോണ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൊറോണ രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ള ജില്ലകളിൽ ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും പ്രത്യേക മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.
കൊറോണ റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത ജില്ലകളിൽ പരീകഷാ നടത്തിപ്പിന് തടസ്സങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് 2945 കേന്ദ്രങ്ങളിലായി 4.24ലക്ഷം വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷയെഴുതുന്നത്. 2009 ഹയർസെക്കന്ററി പരീക്ഷ കേന്ദ്രങ്ങളിൽ ഒന്നാംവർഷ പരീക്ഷയെഴുതുന്നത് 4.38 ലക്ഷം വിദ്യാർത്ഥികളും രണ്ടാം വർഷ പരീക്ഷ എഴുതുന്നത് 4.52 ലക്ഷം വിദ്യാർത്ഥികളുമാണ്.
389 വിഎച്ച്എസ്ഇ പരീക്ഷാ കേന്ദ്രങ്ങളിൽ ഒന്നാം വർഷ പരീക്ഷ എഴുതുന്നത് 27203 വിദ്യാർത്ഥികളും രണ്ടാം വർഷ പരീക്ഷ എഴുതുന്നത് 29178 വിദ്യാർത്ഥികളുമാണ്.
ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് പരീക്ഷയ്ക്ക് വേണ്ട ക്രമീകരണങ്ങൾ വിദ്യാഭ്യാസവകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്.