കുറ്റ്യാടി: ഉയർന്ന മാർക്കോടെ എസ്എസ്എല്‍സി പരീക്ഷ വിജയിക്കണമെന്ന ഉജയ് കൃഷ്ണയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഒരുങ്ങുകയാണ് കുന്നുമ്മല്‍ ബിആർസി പ്രവര്‍ത്തകര്‍. ബിആര്‍സി നടപ്പിലാക്കുന്ന ആശാദീപം പദ്ധതിയിലൂടെയാണ് കായക്കൊടി പഞ്ചായത്തിലെ ജലജ- ഉദയന്‍ ദമ്പതികളുടെ മകനായ ഉജയ് കൃഷ്ണയ്ക്ക് പരീക്ഷയെഴുതാന്‍ അവസരമൊരുങ്ങുന്നത്.
ശാരീരിക , മാനസിക പരിമിതികളാല്‍ വിദ്യാലയത്തിലെത്താൻ കഴിയാത്ത ഉജയ്കൃഷ്ണയുടെ ആഗ്രഹം സഫലികരിക്കാന്‍ നിലവിലുള്ള പദ്ധതി പര്യാപ്തമല്ലെന്ന തിരിച്ചറിവിൽ നിന്നാണ് ബിആര്‍സി അധികൃതര്‍ വെര്‍ച്ച്വല്‍ ക്ലാസ്റും ഫോര്‍ എന്‍വയൺമെന്റ് എന്ന പുതിയ പ്രോജക്ട് തയ്യാറാക്കിയത്.
സ്കൂളിലെ ക്ലാസ് മുറിയില്‍ നടക്കുന്ന പഠന പ്രവര്‍ത്തനങ്ങള്‍ വീട്ടിലിരിക്കുന്ന കുട്ടിക്ക് അനുഭവ ഭേദ്യമാക്കുന്നതാണ് പദ്ധതി. കാമറയും അനുബന്ധ ഉപകരണങ്ങളും മുഖേന പഠന പ്രവര്‍ത്തനങ്ങള്‍ തത്സമയം വീട്ടിലിരുന്ന് കാണാന്‍ സൗകര്യം ഒരുക്കും.
സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ ക്ലാസ് റെക്കോഡ് ചെയ്ത് എത്തിച്ച് കൊടുക്കും. സംശയങ്ങള്‍ വീട്ടിലിരുന്നുതന്നെ അധ്യാപകരോട് ചോദിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. കൂടാതെ മാസത്തില്‍ ഒരുദിവസം എല്ലാ മുന്നൊരുക്കങ്ങളോടെയും കുട്ടിയെ സ്കൂളില്‍ എത്തിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. കായക്കൊടി ഹൈസ്കൂൾ അധികൃതരുടെ പിന്തുണയും പദ്ധതിക്കുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കുകയാണ് ലക്ഷ്യം.