കൽപ്പറ്റ: എസ്എസ്എൽസി പരീക്ഷയിൽ വയനാട്ടിൽ തുടർപഠനത്തിനു യോഗ്യത നേടാത്തത്തിൽ അധികവും സർക്കാർ വിദ്യാലയങ്ങളിലെ പഠിതാക്കൾ. ജില്ലയിൽ സർക്കാർ, എയ്ഡഡ്, അണ് എയ്ഡഡ് വിദ്യാലയങ്ങളിലായി 12,128 പേരാണ് ഇത്തവണ എസ്എസ്എൽസി എഴുതിയത്.
ഇതിൽ തുടർപഠന യോഗ്യത നേടാതിരുന്ന 822 വിദ്യാർഥികളിൽ 372 ആണ്‍കുട്ടികളും 250 പെണ്‍കുട്ടികളും അടക്കം 622 പേർ ഗവ.സ്കൂളുകളിൽ പഠിച്ചവരാണ്. എയ്ഡഡ് സ്കൂളുകളിൽ പരീക്ഷയ്ക്കിരുന്നതിൽ 84 ആണ്‍കുട്ടികളും 116 പെണ്‍കുട്ടികളും ഉൾപ്പെടെ 200 പേർക്കാണ് തുടർപഠനയോഗ്യത ലഭിക്കാതിരുന്നത്.
ജില്ലയിൽ സർക്കാർ സ്കൂളുകളിൽ 91.04-ഉം എയ്ഡഡ് സ്കൂളുകളിൽ 95.79-ഉം ആണ് എസ്എസ്എൽസി വിജയശതമാനം. 93.22 ശതമാനമാണ് ജില്ലാ ശരാശരി. സർക്കാർ, എയ്ഡഡ്, അണ് എയ്ഡഡ് മേഖലകളിലായി 88 ഹൈസ്കൂളുകളാണു ജില്ലയിൽ. ഇതിൽ 56 വിദ്യാലയങ്ങളിൽ വിജയം സംസ്ഥാന ശരാശരിയായ 98.11 ശതമാനത്തിൽ താഴെയാണ്.
ജില്ലാ ശരാശരിക്കു താഴെയാണ് 28 വിദ്യാലയങ്ങളിൽ വിജയശതമാനം. സർക്കാർ മേഖലയിൽ ജില്ലയിൽ ഏറ്റവും കുറവ് വിജയശതമാനം കാട്ടിക്കുളം ജിഎച്ച്എസിലാണ്-72.94. എസ്എസ്എൽസി വിജയശതമാനത്തിൽ സംസ്ഥാനത്ത് ഏറ്റവും പിന്നിലെങ്കിലും ജില്ലയിൽ തുടർപഠനത്തിനുള്ള കുട്ടികളുടെ എണ്ണം, എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയവരുടെ എണ്ണം(815), മുഴുവൻ കുട്ടികളും തുടർപഠനത്തിനു യോഗ്യതനേടിയ വിദ്യാലയങ്ങളുടെ എണ്ണം(26) എന്നിവ വർധിച്ചു.
രജിസ്റ്റർ ചെയ്തവരല്ലൊം പരീക്ഷ എഴുതിയ ജില്ലയുമാണ് വയനാട്. ജില്ലയിൽ കഴിഞ്ഞവർഷം പിന്നോക്കംനിന്ന സർക്കാർ സ്കൂളുകൾ ഈ വർഷവും നില മെച്ചപ്പെടുത്തിയില്ല. ഇതിനുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിക്കണമെന്നു ആവശ്യപ്പെടുന്നവർ നിരവധിയാണ്.