പത്തനംതിട്ട: എസ്എസ്എൽസി പരീക്ഷയിൽ പത്തനംതിട്ട ജില്ല ഒന്നാംസ്ഥാനത്ത്. വിജയശതമാനം 99.34. 2018ൽ 99.11 വിജയശതമാനവുമായി രണ്ടാംസ്ഥാനത്തായിരുന്നു പത്തനംതിട്ട. 2016, 2017 വർഷങ്ങളിൽ പത്തനംതിട്ട ജില്ല സംസ്ഥാനത്ത് ഒന്നാമതായിരുന്നു.
10852 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 10780 പേരും വിജയികളായി. 890 കുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി. പരീക്ഷ എഴുതിയ 5638 ആണ്‍കുട്ടികളിൽ 5591 പേരും 5214 പെണ്‍കുട്ടികളിൽ 5189 പേരും ഉപരിപഠനത്തിന് യോഗ്യത നേടി.
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 6873 കുട്ടികൾ പരീക്ഷയെഴുതിയതിൽ 6828 കുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി. 641 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി പത്തനംതിട്ട 99.35 ശതമാനം വിജയം പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയ്ക്കുണ്ട്. തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ 3979 കുട്ടികളാണ് പരീക്ഷയ്ക്കിരുന്നത്. ഇവരിൽ 3952 പേരും വിജയിച്ചു. 249 കുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. വിജയശതമാനം 99.32.
ജില്ലയിലെ 167 സ്കൂളുകളിൽ 130 സ്കൂളുകൾക്കും 100 ശതമാനം വിജയമുണ്ട്. 42 സർക്കാർ സ്കൂളുകളും 81 എയ്ഡഡ് സ്കൂളുകളും 100 ശതമാനം വിജയം കൈവരിച്ചവയുടെ കൂട്ടത്തിലുണ്ട്.
എ പ്ലസുകാർ ഏറെയും പെണ്‍കുട്ടികൾ
ജില്ലയിലെ എ പ്ലസുകാരിൽ 595 പേരും പെണ്‍കുട്ടികളാണ്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരിക്കുന്ന കുട്ടികളുടെ എണ്ണം 890 ആണ്. 295 ആണ്‍കുട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.ഇവരിൽ 86 കുട്ടികൾ ഗവണ്മെന്റ് സ്കൂൾ വിദ്യാർഥികളാണ്. 38 ആണ്‍കുട്ടികളും 48 പെണ്‍കുട്ടികളുമാണ് ഗവണ്മെന്റ് സ്കൂളുകളിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയത്.
എയ്ഡഡ് സ്കൂളുകളിൽ 236 ആണ്‍കുട്ടികളും 486 പെണ്‍കുട്ടികളും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. 722 കുട്ടികളാണ് എയ്ഡഡ് സ്കൂളുകളിൽ നിന്ന് എ പ്ലസ് കരസ്ഥമാക്കിയത്. അണ് എയ്ഡഡ് സ്കൂളുകളിൽ 21 ആണ്‍കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 61 പെണ്‍കുട്ടികളും എ പ്ലസിന് അർഹരായി. കഴിഞ്ഞവർഷം 855 കുട്ടികൾക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്.
മുന്നിലെത്തിയത് എംജിഎം
ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തുകയും മുഴുവൻ പേരെയും വിജയിപ്പിക്കുകയും ചെയ്ത തിരുവല്ല എംജിഎം എച്ച്എസ്എസാണ് ഇത്തവണ വൻനേട്ടമുണ്ടാക്കിയത്. 335 കുട്ടികളാണ് സ്കൂളിൽ നിന്നു പരീക്ഷയെഴുതിയത്. മുഴുവൻ പേരും വിജയിച്ചു. രണ്ടാംസ്ഥാനം വെണ്ണിക്കുളം സെന്റ് ബഹനാൻസ് എച്ച്എസ്എസിനാണ്. 258 കുട്ടികൾ പരീക്ഷയെഴുതി എല്ലാവരും വിജയിച്ചു. അടൂർ ഹോളി ഏഞ്ചൽസ് സ്കൂൾ മൂന്നാമതെത്തി. 204 കുട്ടികൾ പരീക്ഷയ്ക്കിരുന്നതിൽ എല്ലാവരും വിജയിച്ചു.
സർക്കാർ സ്കൂളുകളിലെ 100 ശതമാനക്കാരിൽ മുന്നിലെത്തിയത് കോന്നി ഗവണ്മെന്റ് എച്ച്എസ്എസാണ് 113 കുട്ടികളെ പരീക്ഷയ്ക്കിരുത്തിയതിൽ എല്ലാവരും വിജയിച്ചു. രണ്ട് വിദ്യാർഥികൾ മാത്രം പരീക്ഷയെഴുതിയ പെരിങ്ങര ഗവണ്മെന്റ് എച്ച്എസ്എസിനും നൂറുശതമാനം വിജയമുണ്ട്.130 സ്കൂളുകളാണ് ഇക്കുറി എല്ലാ കുട്ടികളെയും വിജയിപ്പിച്ചത്. സർക്കാർ മേഖലയിലെ 50 സ്കൂളുകളിൽ 42 എണ്ണവും 100 ശതമാനം വിജയം ഇക്കുറി കരസ്ഥമാക്കി.