സ്വന്തം ലേഖകൻ
തൃശൂർ: ചൊവ്വാഴ്ച പുനരാരംഭിക്കുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് വിദ്യാലയങ്ങൾ ഒരുങ്ങി. എല്ലാ സ്കൂളുകളിലേയും അധ്യാപകർ വിദ്യാർഥികളുടെ വീട്ടിലേക്കു ഫോണിൽ വിളിച്ച് പരീക്ഷയ്ക്കു സ്വന്തം നിലയിൽ എത്താനാകുമോയെന്ന് ആരാഞ്ഞു.
തൃശൂർ നഗരത്തിലെ സർക്കാർ വിദ്യാലയങ്ങൾ അടക്കം മിക്ക വിദ്യാലയങ്ങളിലും വിദ്യാർഥികൾ സ്വന്തം നിലയിൽ പരീക്ഷയ്ക്കു ഹാജരാകുമെന്ന് അറിയിച്ചു.
വിദ്യാർഥികളെ പരീക്ഷയ്ക്ക് എത്തിക്കുന്നതിനേക്കാൾ പ്രയാസമുള്ള ഒരു കാര്യമുണ്ട്. സ്കൂളങ്കണത്തിൽ വിദ്യാർഥികളെ അകലം പാലിച്ചു നിർത്തലാണത്. അകലം പാലിക്കൽ എങ്ങനെ നടപ്പാക്കുമെന്നാണ് അധ്യാപകരുടെ ആശങ്ക.
തോളിൽ കൈയിട്ടും കെട്ടിപ്പിടിച്ചും നടന്നു ശീലിച്ച വിദ്യാർഥികളോട് അകലം പാലിക്കണമെന്നും പരസ്പരം സ്പർശിക്കരുതെന്നും ഓർമിപ്പിച്ചുകൊണ്ടേയിരിക്കണം. ഇതിനായി എല്ലാ സ്കൂളിലും അധ്യാപകപ്പടയെത്തന്നെ നിയോഗിക്കുന്നുണ്ട്. പരീക്ഷാ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകർക്കാണ് ഇത്തരം ചുമതല.
പരീക്ഷ അവസാനിക്കുന്ന ദിവസം വിടവാങ്ങുന്ന വിദ്യാർഥികൾ നടത്താറുള്ള ആഘോഷങ്ങൾക്കും ആർപ്പുവിളികൾക്കും ഇത്തവണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച ആരംഭിക്കുന്ന പരീക്ഷയ്ക്ക് വിദ്യാർഥികളെ സ്വന്തം സ്കൂട്ടർ അടക്കമുള്ള വാഹനങ്ങളിലോ ഓട്ടോറിക്ഷയിലോ എത്തിക്കുമെന്നാണ് മിക്ക രക്ഷിതാക്കളും അധ്യാപകരെ അറിയിച്ചത്.
സ്വന്തമായി ബസുകളുള്ള സ്കൂളുകൾ വിദ്യാർഥികളെ കൊണ്ടുവരാൻ ബസ് സർവീസ് നടത്തും. സ്വകാര്യ ബസുകൾ സർവീസ് ആരംഭിച്ചിട്ടുണ്ടെങ്കിലും പരീക്ഷാ സമയത്തേക്ക് ആശ്രയിക്കാമെന്ന വിശ്വാസം രക്ഷിതാക്കൾക്കില്ല.
തൃശൂർ മോഡൽ ബോയ്സ് ഗവണ്മെന്റ് സ്കൂളിൽ പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർഥികളും സ്വന്തം നിലയിൽ എത്തുമെന്ന് അറിയിച്ചു. തിരൂരിൽ വീടുള്ള വിദ്യാർഥിക്കു മാത്രമാണ് വാഹന സൗകര്യമില്ലാത്തത്. എങ്കിലും ഏതെങ്കിലും വാഹന സൗകര്യം പ്രയോജനപ്പെടുത്തി യഥാസമയം എത്തുമെന്ന് അധ്യാപകരെ അറിയിച്ചു.
സ്കൂളിലെത്തുന്ന വിദ്യാർഥികൾ മാസ്ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കു സൗജന്യമായി നൽകാൻ എല്ലാ സ്കൂളിലും മാസ്ക് സജ്ജമാക്കിയിട്ടുണ്ട്.
തൃശൂർ മോഡൽ ബോയ്സിൽ എൻഎസ്എസിന്റെ നേതൃത്വലാണ് എണ്ണൂറു മാസ്കുകൾ തയാറാക്കിയത്. എല്ലാ സ്കൂളിലും ശുചീകരിക്കുകയും അണുമുക്തമാക്കുകയും ചെയ്യുന്ന ജോലികൾ ഇന്നും നാളേയുമായി നടക്കുകയാണ്.
തൃശൂർ സേക്രഡ് ഹാർട്ട് കോണ്വെന്റ് ഗേൾസ് സ്കൂളിലെയും ഹോളി ഫാമിലി സ്കൂളിലേയും എല്ലാ വിദ്യാർഥികളും സ്വന്തം നിലയിൽ പരീക്ഷയ്ക്ക് എത്തും. സേക്രഡ് ഹാർട്ടിൽ 403 വിദ്യാർഥിനികലും ഹോളി ഫാമിലിയിൽ 299 വിദ്യാർഥിനികളുമാണു പരീക്ഷ എഴുതുന്നത്.