കാസർഗോഡ്: എസ്എസ്എല്‍സി പരീക്ഷ ആസന്നമായിരിക്കെ ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികളോടു സംവദിച്ചു ജില്ലാ കളക്ടര്‍ ഡി. സജിത്ബാബു.
പരീക്ഷാപേടി മാറ്റി പരീക്ഷയെ അനായാസം നേരിടുന്നതിന് പ്രചോദനം നല്‍കാനാണ് കളക്ടര്‍ സ്കൂളുകളില്‍ നേരിട്ടെത്തിയത്. പൊതുപരീക്ഷകളില്‍ തുടര്‍ച്ചയായി ഉന്നതവിജയം കരസ്ഥമാക്കി വരുന്ന പരവനടുക്കം എംആര്‍എസിലെ വിദ്യാര്‍ഥികളോട് പഠന വിഷയങ്ങളെക്കുറിച്ച് സംവദിച്ചു.
പട്ടികവര്‍ഗ വികസനവകുപ്പിന്റെ കീഴിലുള്ള പരവനടുക്കം എംആര്‍എസില്‍ മുഴുവന്‍ എ പ്ലസ് നേടുന്നവര്‍ക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ അരപവന്‍ സ്വര്‍ണം നല്‍കുമെന്ന് കളക്ടറെ അനുഗമിച്ച ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ പി.ടി. അനന്തകൃഷ്ണന് പറഞ്ഞു.
കൂടാതെ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടുന്ന എംആര്‍എസുകളിലെ വിദ്യാര്‍ഥികളെ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ വിനോദയാത്രയ്ക്ക് കൊണ്ടുപോകുമെന്നു കളക്ടര്‍ വാഗ്ദാനം നല്കി.
പട്ടികജാതി വികസനവകുപ്പിന്റെ കീഴിലുള്ള വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലും കുണ്ടംകുഴി ആശ്രമം സ്കൂളിലും കളക്ടര്‍ സന്ദര്‍ശനം നടത്തി. വെള്ളച്ചാലില്‍ പട്ടികജാതി ജില്ലാ വികസന ഓഫീസര്‍ എസ്. മീനാറാണി സംബന്ധിച്ചു.