തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു ഉൾപ്പെടെ സംസ്ഥാനത്തു പ്രഖ്യാപിച്ച പരീക്ഷകൾ പൂർണമായും മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മാറ്റി വച്ച പരീക്ഷകള്‍ ജൂണ്‍ ആദ്യ വാരം നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.
ലോക്ക്ഡൗൺ നീട്ടിയാലും ജൂൺ ആദ്യവാരം പരീക്ഷകൾ നടത്തുന്നതിന് ഇളവുകൾ നൽകാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് അറിയുന്നത്.
ലോക്ക്ഡൗൺ കാലത്ത് പരീക്ഷകൾ നടത്തരുതെന്നാണ് കേന്ദ്ര മാർഗനിർദേശം. നാലാം ലോക്ക്ഡൗണിലും ഇക്കാര്യത്തിൽ ഇളവ് ഉണ്ടായിരുന്നില്ല.
പ്രതിപക്ഷം ഉൾപ്പെടെ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പാറപോലെ ഉറച്ചുനിന്ന മുഖ്യമന്ത്രി ഇന്ന് തീരുമാനം മാറ്റുകയായിരുന്നു. മുൻനിശ്ചയിച്ച പ്രകാരം പരീക്ഷ നടത്താൻ എല്ലാ തയാറെടുപ്പുകളും നടത്തിയതിനു ശേഷമാണ് പിൻമാറ്റം.
ആവശ്യമായ എല്ലാ സുരക്ഷാക്രമീകരണങ്ങളും ഒരുക്കി പരീക്ഷ നടത്തുമെന്നായിരുന്നു ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽപോലും മുഖ്യമന്ത്രി പറഞ്ഞത്.
മറ്റു ജില്ലകളിൽ കുടുങ്ങിയ വിദ്യാർഥികൾക്കു പരീക്ഷയ്ക്ക് എത്താൻ ബസുകൾ ഉൾപ്പെടെ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. പരീക്ഷാ കേന്ദ്രം മാറ്റുന്നതിന് വിദ്യാർഥികളിൽനിന്ന് ഓൺലൈൻ അപേക്ഷകളും സ്വീകരിച്ചിരുന്നു.
എന്നാൽ പരീക്ഷ നടത്തരുതെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്. സിബിഎസ്ഇ പരീക്ഷ ജൂലൈയിൽ മാത്രം നടത്തുന്ന പശ്ചാത്തലത്തിൽ എസ്എസ്എൽസി ഉൾപ്പെടെയുള്ള പരീക്ഷകൾ ഉടനടി നടത്തരുതെന്നു പ്രതിപക്ഷ നേതാക്കൾ ഇന്നലെ ആവശ്യപ്പെട്ടു.