മുക്കം: എല്ലാറ്റിനും അതിന്റേതായ ഒരു സമയമുണ്ട് ദാസാ…നാടോടിക്കാറ്റ് എന്ന സിനിമയിൽ ശ്രീനിവാസൻ മോഹൻലാലിനോട് പറയുന്ന ഡയലോഗാണിത്.
ഇന്നിപ്പോ ഈ അവസ്ഥയിലാണ് സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു,വിഎച്ച്എസ് സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ. തങ്ങളുടെ പരീക്ഷയുടെ സമയമായോ എന്നറിയാൻ ഓരോ പത്ത് മിനുട്ടിലും വാർത്തകൾ ശ്രദ്ധിക്കേണ്ട അവസ്ഥ.
അല്ല അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കഴിഞ്ഞ ഒരാഴ്ചക്കിടെ സംസ്ഥാന സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും പ്രഖ്യാപനങ്ങളും അങ്ങിനെ തന്നെയാണ്.
ഇതോടെ വീട്ടിൽ വെറുതെയിരുന്ന് മുഷിയുകയായിരുന്ന ട്രോളർമാർക്കും പണിയായി. സർക്കാരിന്റെ ഈ നിലപാട് മാറ്റത്തെ ചൊല്ലി നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിലടക്കം തരംഗമാകന്നത്.
കഴിഞ്ഞ ആഴ്ചയാണ് മാറ്റിവച്ച പരീക്ഷകൾ ഈ മാസം 26 മുതൽ നടത്താൻ സർക്കാർ തീരുമാനിച്ചത്. ഇത് സംബന്ധിച്ച അറിയിപ്പുകളും സർക്കാർ നൽകുകയും ചെയ്തു.
എന്നാൽ ലോക് ഡൗൺ നാലാം ഘട്ടം മേയ് 31 വരെ നീട്ടിയതോടെ ഈ മാസം 18 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. ഇത് മാധ്യമങ്ങളിൽ വാർത്ത വരികയും ചെയ്തു.
എന്നാൽ പ്രഖ്യാപനത്തിന്റെ ചൂടാറും മുൻപ് തന്നെ തൊട്ടടുത്ത ദിവസം പരീക്ഷ നേരത്തെ പറഞ്ഞ പ്രകാരം 26 മുതൽ നടക്കുമെന്ന് അറിയിപ്പ് വന്നു.
ഇതോടെ വിദ്യാർത്ഥികൾ വീണ്ടും പഠനത്തിലേക്ക്. 20ന് രാവിലെ നടന്ന മന്ത്രിസഭ യോഗം വീണ്ടും തീരുമാനമെടുത്തു മുഴുവൻ പരീക്ഷകളും മാറ്റിവെക്കാൻ. അങ്ങിനെ ഇരിക്കുമ്പോഴാണ് ബുധനാഴ്ച വൈകുന്നേരം മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ആ പ്രഖ്യാപനമുണ്ടായത്.
പരീക്ഷകൾ 26 ന് തന്നെ തുടങ്ങുമെന്ന്. ഒരാഴ്ചക്കിടെ നിരവധി തവണ നിലപാട് മാറിയതിനാൽ 26ന് രാവിലെ മാത്രമേ ഇക്കാര്യത്തിൽ ഒരു തീരുമാനം തങ്ങൾ വിശ്വസിക്കൂ എന്നാണ് വിദ്യാർത്ഥികളും അധ്യാപകരും പറയുന്നത്.