ശ്രീഹരിക്കോട്ട: ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചിലവിൽ വിക്ഷേപിക്കുന്നതിന് ഇസ്രോ രൂപകല്പന ചെയ്ത എസ്എസ്എൽവി ഡി-03(സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ) വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം.
ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-08നെ എസ്എസ്എൽവി ഭ്രമണപഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽനിന്ന് രാവിലെ 9.17നാണ് റോക്കറ്റ് വിക്ഷേപിച്ചത്. വിക്ഷേപണത്തിന്റെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഇസ്രോ അറിയിച്ചു.
ഒരുവർഷം പ്രവർത്തനകാലാവധിയുള്ള ഇഒഎസ്-08 ചെറു ഉപഗ്രഹത്തിൽ മൂന്നു നിരീക്ഷണോപകരണങ്ങളാണുണ്ടാവുക. 175.5 കിലോഗ്രാമാണ് ഭാരം. പിഎസ്എൽവിക്കും ജിഎസ്എൽവിക്കും പുറമേ ഇസ്രോ ഉപയോഗിക്കുന്ന മൂന്നാമത്തെ വിക്ഷേപണ വാഹനമാണ് എസ്എസ്എൽവി.