മട്ടന്നൂർ: യുദ്ധമെന്നും ബോംബാക്രമണമെന്നുമെല്ലാം കേട്ട അറിവേ ഉണ്ടായിരുന്നുള്ളൂ.
കൺമുന്നിൽ അനുഭവിച്ചപ്പോഴാണ് യുദ്ധത്തിന്റെ ഭീകരത മനസിലായത്.
ഒരാഴ്ച ബങ്കറിനുള്ളിലെ ജീവിതവും നാലുദിവസം നീണ്ട ട്രെയിൻ യാത്രയും കഴിഞ്ഞ് നാട്ടിൽ വിമാനമിറങ്ങിയപ്പോൾ മട്ടന്നൂർ സ്വദേശിനി നന്ദിനിയുടെ മുഖത്ത് ആശ്വാസം.
യുക്രെയ്നിൽ ഹർകീവിലെ വിയൻ ഖറാസീൻ മെഡിക്കൽ സർവകലാശാലയിൽ നാലാംവർഷ മെഡിക്കൽ വിദ്യാർഥിനിയായ മട്ടന്നൂർ കല്ലൂർ സ്വദേശിനി നന്ദിനി രാജീവ് ബുധനാഴ്ച പുലർച്ചെയാണ് നാട്ടിലെത്തിയത്.
രണ്ടാഴ്ചയോളം യുദ്ധത്തിന്റെ ഭീകരത നേരിട്ടനുഭവിച്ചു. ഫെബ്രുവരി 24ന് ഹർകീവിൽ റഷ്യൻ ആക്രമണം തുടങ്ങിയപ്പോഴാണ് ബങ്കറിലേക്കു മാറിയത്.
ഒരാഴ്ചയോളം അതിനുള്ളിൽ കഴിഞ്ഞു. തൊട്ടടുത്ത പ്രദേശത്തുപോലും ബോംബ് വീഴുന്നതിന്റെ ശബ്ദവും അഗ്നിനാളങ്ങളും വലിയ നടുക്കമാണ് ഉണ്ടാക്കിയത്.
ഭാഗ്യത്തിന് താനും കൂടെയുണ്ടായിരുന്ന 18 വിദ്യാർഥികളും അപകടം കൂടാതെ രക്ഷപെട്ടെന്നും നന്ദിനി പറയുന്നു.
യുക്രെയ്ൻ പൗരൻമാരും ആയുധങ്ങളേന്തി റഷ്യൻ സൈന്യത്തെ ചെറുക്കാൻ രംഗത്തുണ്ട്. അതിർത്തികളിലൊന്നും തങ്ങൾക്ക് മോശം പെരുമാറ്റം നേരിടേണ്ടിവന്നില്ല.
രക്ഷപെടാനുള്ള യാത്ര അതിലേറെ സാഹസികമായിരുന്നു. മൂന്നു ട്രെയിനുകൾ മാറിക്കയറിയാണ് ഹംഗറിയിലെ ബുഡാപെസ്റ്റ് വിമാനത്താവളത്തിൽ എത്താനായത്.
1000 കിലോമീറ്ററിലേറെ ട്രെയിനിലും മറ്റു വാഹനങ്ങളിലുമായി സഞ്ചരിച്ചാണ് വീട്ടിലെത്തിയതെന്ന് നന്ദിനി പറയുന്നു.
കൂടെയുള്ള ജൂണിയർ വിദ്യാർഥികളെ കയറ്റിവിടുന്നതിനായി നന്ദിനി ആദ്യം ലഭിച്ച ട്രെയിനുകളിൽ കയറാതിരിക്കുകയായിരുന്നു. ഇതറിഞ്ഞ് നാട്ടിൽ രക്ഷിതാക്കൾക്കും ആധിയായിരുന്നു.
കല്ലൂരിലെ ടി.വി.രാജീവിന്റെയും എം.കെ.ഷീബയുടെയും മകളാണ് നന്ദിനി. ബാക്കിയുള്ള കോഴ്സ് ഓൺലൈൻ വഴി പൂർത്തിയാക്കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.
യുദ്ധഭൂമിയിൽനിന്ന് നന്ദിനി വീട്ടിൽ തിരിച്ചെത്തിയതോടെ സാമൂഹ്യ-സാംസ്കാരിക രംഗത്തുള്ളവർ നന്ദിനിയെ കാണാൻ വീട്ടിലെത്തി.
നഗരസഭ കൗൺസിലർ സി.വി.ശശീന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ വീട്ടിലെത്തി യുക്രെയ്നിലെ അനുഭവങ്ങൾ ചോദിച്ചറിഞ്ഞു.