ഷിക്കാഗോ: ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഞങ്ങൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കാരണം ഞങ്ങൾ നല്കുന്ന കൂദാശയുടെ വില അതിനും മുകളിലാണ്. ഇതിനുവേണ്ടിയാണ് ഞങ്ങൾ വൈദികരാകാൻ വിളിക്കപ്പെട്ടിരിക്കുന്നതെന്നു വിശ്വസിക്കുന്നു. ഷിക്കാഗോ രൂപതയിലെ ഫാ. ഒ ഡോണലിന്റെ വാക്കുകളാണിത്.
കോവിഡ് ബാധിതരായി അത്യാസന്നനിലയിൽ കഴിയുന്നവരുടെ ആത്മീയാവശ്യങ്ങൾ നിർവഹിക്കാൻ ഷിക്കാഗോ അതിരൂപത നിയോഗിച്ച 24 വൈദികരടങ്ങുന്ന സംഘത്തിലെ അംഗമാണ് അദ്ദേഹം.
അത്യന്തം അപകടകരമായ ജോലിയായതിനാൽ പല ആശുപത്രികളും മരണാസന്നർക്കു രോഗീലേപനം നല്കാൻ അനുവദിക്കുന്നില്ല. എന്നാൽ, തങ്ങൾക്ക് അനന്തരഫലങ്ങൾ അറിയാമെന്നും വൈദികരാണെന്നുമുള്ള അവരുടെ നിശ്ചയദാർഢ്യത്തിനുമുന്നിലാണ് ആശുപത്രി അധികൃതർ വഴങ്ങിയിട്ടുള്ളത്.
കോവിഡ്-19 അതിവേഗം പടർന്നുപിടിക്കുന്ന അമേരിക്കയിൽ ജനങ്ങൾ ഭീതിയിൽ കഴിയുന്പോഴാണ് അവർക്ക് ആശ്വാസമായി ഈ യുവവൈദികർ ഓടിനടക്കുന്നത്. ആശുപത്രിക്കിടക്കയിൽ രോഗികളെ സമീപിച്ചു തൈലാഭിഷേകം നടത്തി ഇവർ പ്രാർഥിക്കുന്നു.
അതേസമയം, അതിൽ രോഗവ്യാപനം ചെറുക്കാനുള്ള മുൻകരുതലുകളിൽ ഒരു വിട്ടുവീഴ്ചയുമില്ല. എല്ലാ വൈദികരും 60നു താഴെ പ്രായമുള്ളവരും ആരോഗ്യപരമായി യാതൊരുവിധ പ്രശ്നവും നേരിടാത്തവരുമാണ്. അതിരൂപതയുടെ ആറു വികാരിയാത്തുകളിൽ കുറഞ്ഞത് നാലു വൈദികരുടെ വീതം സേവനം ഉറപ്പുവരുത്തിയിരിക്കുന്നു.
വൈദികരുടെ സേവനം ആവശ്യമുണ്ടെങ്കിൽ ഇടവക വികാരിക്കോ ബന്ധുക്കൾക്കോ അതിരൂപതയെ അറിയിക്കാം. ആശുപത്രി അധികൃതരുടെ അനുമതിയോടെയായിരിക്കും ശുശ്രൂഷകൾ.
ബോഡിസ്യൂട്ട്, ഗൗൺ, ഗ്ലൗവ്സ്, മാസ്ക്, ഹെയർനെറ്റ്, പാദം മുഴുവനായി മറയ്ക്കാനുള്ള സാമഗ്രികൾ എന്നിവ ധരിച്ചാണ് താൻ ശുശ്രൂഷ നിർവഹിച്ചതെന്നു ഫാ. മാത്യു ഒഡോണെൽ പറഞ്ഞു. രണ്ടു പേർക്ക് രോഗീലേപനം നല്കി.
ലേപനതൈലത്തിൽ ഒരു വിരൽ ഒന്നിലധികം തവണ മുക്കില്ലെന്ന് ഉറപ്പുവരുത്തും. ശുശ്രൂഷ പൂർണമാക്കിയാൽ ധരിച്ചിരിക്കുന്നവ സുരക്ഷിതമായി അണുവിമുക്തമാക്കും.
തൈലം മുക്കാൻ ഉപയോഗിച്ച പഞ്ഞി കത്തിച്ചുകളയും. ഇതിനു പുറമേ രോഗികളുടെ ബന്ധുക്കൾക്കു ഫോണിൽ ആശ്വാസം പകരാനും സമയം കണ്ടെത്തുന്നതായി ഫാ. മാത്യു പറഞ്ഞു.