ഇരന്പിയാർക്കുന്ന അറബിക്കടലിനുള്ളിൽ ശാന്തസുന്ദരമായി നിലകൊള്ളുകയാണ് സെന്റ് മേരീസ് ദ്വീപ്. കർണാടകത്തിലെ ഉഡുപ്പി ജില്ലയിലെ മാൽപേയിലാണ് പ്രകൃതി ഒരുക്കിയ ഈ മനോഹരമായ ദ്വീപുള്ളത്. ഉളിയിൽ കൊത്തിയെടുത്ത രീതിയിലുള്ള പാറക്കെട്ടുകളും സുന്ദരമായ തെങ്ങിൻ തോപ്പുകളും ബീച്ചുകളുമടങ്ങുന്നതാണ് സെന്റ് മേരീസ് ദ്വീപ്.
ദശലക്ഷക്കണക്കിന് വർഷങ്ങൾക്കു മുൻപ് അഗ്നിപർവതം പൊട്ടി രൂപപ്പെട്ടതാണ് ഇവിടത്തെ പാറകളെന്ന് കരുതപ്പെടുന്നു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഭൗമശാസ്ത്ര സ്മാരകങ്ങളുടെ പട്ടികയിൽ സെന്റ് മേരീസ് ദ്വീപിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. 1498ൽ വാസ്കോ ഡ ഗാമ കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ കണ്ടെത്തിയതാണ് ഈ ദ്വീപെന്നും ചരിത്രം പറയുന്നു.
ഉഡുപ്പിയിൽനിന്ന് മാൽപേയിലേക്ക്
ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽനിന്ന് ഒൻപത് കിലോമീറ്റർ സഞ്ചരിച്ചാൽ മാൽപേയിൽ എത്തിച്ചേരും. ഉഡുപ്പി ടൗണിൽനിന്നും മാൽപേയിലേക്ക് ബസുകൾ ലഭിക്കും. 10 രൂപയാണ് ടിക്കറ്റ് ചാർജ്. ഇവിടെനിന്ന് ആറ് കിലോമീറ്റർ കടലിലൂടെ ബോട്ടിൽ സഞ്ചരിച്ചാൽ സെന്റ് മേരീസ് ഐലൻഡിൽ എത്തിച്ചേരാം. മംഗലാപുരം വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവ വഴി എത്തുന്നവർക്ക് ദേശീയപാത 66ലൂടെ ഉഡുപ്പിയിലെത്താം. മംഗലാപുരം റെയിൽവേ സ്റ്റേഷനിൽനിന്ന് 69 കിലോമീറ്റർ ദൂരമുണ്ട് സെന്റ് മേരീസ് ദ്വീപിലേക്ക്.
ബോട്ട് യാത്ര
മാൽപേ ബീച്ചിൽ തന്നെയാണ് സെന്റ് മേരീസ് ദ്വീപിലേക്കുള്ള ബോട്ടിംഗിനായി ടിക്കറ്റ് കൗണ്ടറുകൾ സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് ഇവിടത്തെ ബോട്ടിംഗ് സമയം. 80 പേർക്കും 20 പേർക്കും ഒരുമിച്ചു യാത്രചെയ്യാവുന്ന തരത്തിലുള്ള ബോട്ടുകളാണ് ദ്വീപിലേക്ക് സർവീസ് നടത്തുന്നത്.
മടക്കയാത്രയടക്കം വലിയ ബോട്ടിന് 250 രൂപയും ചെറിയ ബോട്ടിന് 300 രൂപയും ഒരാൾക്ക് ടിക്കറ്റ് ചാർജായി നൽകണം. വലിയ ബോട്ടുകളിൽ യാത്രചെയ്യുന്നവർ ദ്വീപിൽ എത്തുന്നതിനു മുന്പ് തീരത്തുനിന്ന് അല്പം അകലെയായി ചെറിയ ബോട്ടിലേക്ക് മാറിക്കയറി വേണം ദ്വീപിൽ പ്രവേശിക്കാൻ.
ദ്വീപിലെത്തുന്പോൾ
കാഴ്ചയുടെ വിരുന്നുതന്നെയാണ് സെന്റ്മേരീസ് ദ്വീപിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. ബോട്ട് യാത്ര നേരേ എത്തിച്ചേരുന്നത് തെങ്ങിൻ തോപ്പുകളിലേക്കാണ്. ഉളികൊണ്ടു കൊത്തിയെടുത്ത രീതിയിലാണ് ഇവിടെയുള്ള പാറക്കെട്ടുകൾ. കോക്കനട്ട് ഐലൻഡ്, നോർത്ത് ഐലൻഡ്, ദാര്യ ബഹദർഗാ ഐലൻഡ്, സൗത്ത് ഐലൻഡ് എന്നീ നാലു ദ്വീപുകൾ ചേർന്നതാണ് സെന്റ്മേരീസ് ദ്വീപ്. തെളിഞ്ഞ കടൽത്തീരമാണ് ദ്വീപിലെങ്ങും. അതുകൊണ്ടുതന്നെ തീരത്തെ അടിത്തട്ട് വ്യക്തമായി കാണാം.
സ്വർണ നിറത്തിലുള്ള മണലാണ് ദ്വീപിലെങ്ങും. യാതൊരു മലിനീകരണവുമില്ലാത്ത പ്രദേശമായതിനാൽ സഞ്ചാരികൾക്ക്് ഇഷ്ടംപോലെ കടലിൽ ഇറങ്ങി കുളിക്കാം. കടലിൽ കുളിക്കുന്നവർക്ക് വസ്ത്രം മാറുന്നതിനുള്ള സൗകര്യവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. ദ്വീപിൽ സൈക്കിളുകൾ വാടകയ്ക്കു ലഭിക്കും. ഇതുമായി ചുറ്റിക്കറങ്ങി കാഴ്ചകൾ ആസ്വദിക്കാം. യാത്രക്കാർക്ക് ലഗേജുകൾ സൂക്ഷിക്കാൻ ക്ലോക്ക് റൂം സൗകര്യവും ലഭ്യമാണ്.
സന്ദർശനത്തിന് പറ്റിയ സമയം
സെപ്റ്റംബർ മുതൽ മേയ് വരെയാണു സെന്റ് മേരീസ് ദ്വീപ് സന്ദർശനത്തിന് അനുയോജ്യമായ സമയം. ദ്വീപിൽ കാര്യമായി ഭക്ഷണമൊന്നും ലഭ്യമല്ലാത്തതിനാൽ കുടിക്കാനുള്ള വെള്ളവും ആവശ്യത്തിനുള്ള ഭക്ഷണവും കൈയിൽ കരുതുക. കടലിൽ കുളിക്കാൻ താത്പര്യമുള്ളവർ ഇതിനുള്ള വസ്ത്രങ്ങളും ചെരിപ്പുകളും യാത്രയിൽ കരുതുന്നത് നല്ലതാണ്.
ദ്വീപിന്റെ പ്രത്യേകതൾ
- തെളിഞ്ഞ കടൽജലം
- വിവിധയിനം ചിപ്പികളാൽ സന്പുഷ്ടമായ തീരം
- സ്വർണ നിറത്തിലുള്ള മണൽ
- ശില്പങ്ങൾ പോലെ കടലിൽ ഉയർന്നു നിൽക്കുന്ന പാറക്കൂട്ടങ്ങൾ
- ബോട്ടിൽ ദ്വീപിലേക്കുള്ള കടൽയാത്ര
- തെങ്ങിൻ തോപ്പുകൾ
സമീപത്തുള്ള ആകർഷണങ്ങൾ
- ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം
- കൊടി ബീച്ച്
- മട്ടു ബീച്ച്
- മാൽപേ ബീച്ച്
- മറവന്ദേ ബീച്ച്
- കപു ബീച്ച് ഉഡുപ്പി
- കോയിൻ മ്യൂസിയം ഉഡുപ്പി
ഗതാഗത മാർഗങ്ങൾ
- അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: ഉഡുപ്പി, 15 കിലോമീറ്റർ ദൂരം
- മംഗലാപുരം റെയിൽവേ സ്റ്റേഷനിൽനിന്ന് 69 കിലോമീറ്റർ ദൂരം
- അടുത്തുള്ള വിമാനത്താവളം: മംഗലാപുരം, 67 കിലോമീറ്റർ ദൂരം.
- കൊച്ചിയിൽനിന്ന് ദേശീയപാത 66ലൂടെ കോഴിക്കോട്-കണ്ണൂർ-കാസർഗോഡ്-മംഗലാപുരം-ഉഡുപ്പി വഴി 476 കിലോമീറ്റർ.
- തിരുവനന്തപുരത്തുനിന്ന് 667 കിലോമീറ്റർ.