മാനന്തവാടി: കാലാവധി തീരുന്നതിന് മുന്പ് ട്രൈബൽ പ്രമോട്ടർമാരെ പിരിച്ച് വിട്ട് പുതിയവരെ നിയമിച്ച ട്രൈബൽ വകുപ്പിന്റെ നടപടിക്കെതിരേ പ്രമോട്ടർമാർ നിയമ നടപടിക്കൊരുങ്ങുന്നു. മാനന്തവാടി താലൂക്കിലെ പ്രമോട്ടർമാർ ടിഡിഒക്കു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. 2014 ൽ നിയമിച്ച സംസ്ഥാനത്തെ ട്രൈബൽ പ്രമോട്ടർമാരുടെ കാലാവധി 2017 നവംബർ വരെ ദീർഘിപ്പിച്ച് നൽകിയത് മുൻ സർക്കാരിന്റ കാലത്തായിരുന്നു. പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ ഇവരെ പിരിച്ച് വിടാനുള്ള നീക്കം മനസിലാക്കി കേരള ട്രൈബൽ പ്രമോട്ടേഴ്സ് അസോസിയേഷനാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.
മാനന്തവാടി താലൂക്കിൽ 135 പേരിൽ 69 പേർ ട്രൈബ്യൂണലിനെ സമീപിക്കുകയും ഇവരെ പിരിച്ചുവിടരുതെന്ന് ഉത്തരവ് നൽകുകയും ചെയ്തു. എന്നാൽ ഉത്തരവ് നിലനിൽക്കെയാണ് ഈ മാസം ഒന്നു മുതൽ പുതിയ പ്രമോട്ടർമാരെ നിയമിക്കുകയും മുന്പുണ്ടായിരുന്നവരെ വാട്സ് ആപ്പ് സന്ദേശം വഴി പിരിച്ചുവിടുകയും ചെയ്തത്. ഇതിൽ പ്രതിഷേധിച്ചാണ് പ്രമോട്ടർമാർ ടിഡിഒയിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.
എം. മനോജ്, എ.ആർ. അണ്ണൻ, പി.കെ. ചന്ദ്രൻ, കെ.എ. ബിനു, പി.എ. ദേവകി, പി.കെ. വസന്ത തുടങ്ങിയവർ സമരത്തിനു നേതൃത്വം നൽകി. ട്രൈബൽ വകുപ്പിന്റെ നടപടിക്കെതിരേ കോടതിയെ സമീപിച്ച് നിയമ നടപടിക്കൊരുങ്ങുകയാണ് പിരിച്ചുവിടപ്പെട്ടവർ.