അയ്മനം: കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ അയ്മനം മിനി ഇൻഡോർ സ്റ്റേഡിയത്തിന്റെ പിന്നാന്പുറങ്ങളിൽ അഴിമതിക്കഥയോ?
അഞ്ചേ കാൽകോടി രൂപ മുതൽ മുടക്കി നിർമിച്ച സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു ദിവസങ്ങൾക്കുള്ളിൽത്തന്നെ നിർമാണത്തിലെ പോരായ്മ പുറത്തുവന്നിരുന്നു.
ഇപ്പോൾ കൂടുതൽ തകരാറുകൾ വെളിച്ചത്തുവരുന്നതായും ആരോപണമുണ്ട്. 15,000 ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം നിർമിക്കുന്നതായിരുന്നു പദ്ധതി.
സ്റ്റേഡിയം യാഥാർഥ്യമാകുന്പോൾ കായിക സ്വപ്നങ്ങൾക്കു ചിറക് മുളയ്ക്കുന്നതിനൊപ്പം പ്രളയ ഭീഷണിയുള്ള അയ്മനത്തു പുനരധിവാസ ക്യാന്പായും ഉപയോഗിക്കാമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്.
മുഖം മാറുമോ, നാറുമോ?
കായികരംഗത്തു ശ്രദ്ധ കേന്ദ്രീകരിക്കാനായി 17 വർഷങ്ങൾക്കു മുന്‍പ് പഞ്ചായത്ത് അധികൃതർ ജയന്തിക്കവലയിലെ അയ്മനം ചാമത്തറ റോഡരികിൽ വാങ്ങിയ സ്ഥലത്താണ് സ്റ്റേഡിയം നിർമിച്ചത്.
മുൻ എംഎൽഎയായിരുന്ന സുരേഷ് കുറുപ്പിന്റെ ശ്രമഫലമായി സംസ്ഥാന ബജറ്റിൽ അനുവദിച്ച 25 മിനി സ്റ്റേഡിയത്തിൽ ഒന്നായി അയ്മനവും മാറിയത്.
രണ്ട് ബാഡ്മിന്റണ്‍ കോർട്ടുകൾ, ഒരു വോളിബോൾ കോർട്ട്, സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ചെയ്ഞ്ചിംഗ് റൂമുകൾ, ഓഫീസ് റൂം, ശൗചാലയങ്ങൾ, ലോക്കർ സൗകര്യം, ഇലക്ട്രിക്കൽ റൂം, ജലവിതരണ, വൈദ്യുതി വിതരണ സൗകര്യങ്ങൾ, സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ജിംനേഷ്യം എന്നിവയോടെ അയ്മനം പഞ്ചായത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാകുന്ന പദ്ധതിയായിട്ടാണ് സ്റ്റേഡിയം ആവിഷ്കരിച്ചത്.
ഒപ്പം യുവാക്കളുടെ ആരോഗ്യത്തിലുള്ള കരുതലും പഞ്ചായത്ത് ലക്ഷ്യമിട്ടു. കിഫ്ബിയിൽനിന്നു ഭിച്ച ഫണ്ടിൽ കായിക യുവജനകാര്യ വകുപ്പ് എൻജിനിയറിംഗ് വിഭാഗത്തിന്റെ സാങ്കേതിക മേൽനോട്ടത്തിൽ കിറ്റ്കോ ലിമിറ്റഡിനായിരുന്നു നിർമാണച്ചുമതല.
ഗുരുതരമായ ക്രമക്കേടുകൾ
സ്റ്റേഡിയം നിർമാണത്തിലെ ക്രമക്കേട് പുറത്തുകൊണ്ടുവരാൻ പ്രക്ഷോഭ പരിപാടികളിലേക്കു കടക്കാനൊരുങ്ങുകയാണ് പ്രദേശിക കോണ്‍ഗ്രസ് നേതൃത്വം.
പ്രശ്നം പരിഹരിക്കാനോ സ്റ്റേഡിയം പഞ്ചായത്തിനു വിട്ടുനൽകാനോ ഉള്ള യാതൊരു ശ്രമവും ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന ഗൗരവ ആരോപണമുണ്ട്.
മണ്ണുപണി നടന്നപ്പോൾ മുതൽ ഗുരുതരമായ ക്രമക്കേടുകൾ ഉണ്ടായിരുന്നെന്നാരോപിച്ച വാർഡ് അംഗം 80 ലക്ഷം രൂപയുടെ അഴിമതി ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർക്കു പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് സംഘം സ്റ്റേഡിയത്തിൽ എത്തിയിരുന്നു.
പഞ്ചായത്ത് അംഗങ്ങളായ ബിജു മാന്താറ്റിൽ, സുമ പ്രകാശ്, ത്രേസ്യാമ്മ ചാക്കോ, ജയ്മോൻ കരീമഠം, ദീപു സെബാസ്റ്റ്യൻ, ജയിംസ് പാലത്തൂർ, ജോയ് എന്നിവരും ഡിസിസി പ്രസിഡന്റിനൊപ്പമെത്തി സ്റ്റേഡിയത്തിലെ സ്ഥിതിഗതികൾ വിലയിരുത്തി.