പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തില്‍ രാജ്യാന്തര സ്റ്റേഡിയവും സ്പോര്‍ട്സ് കോംപ്ലക്സും നിര്‍മിക്കുന്നതിനുള്ള മണ്ണ് പരിശോധയ്ക്ക് വീണാ ജോര്‍ജ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ തുടക്കമിട്ടു. നിര്‍മാണത്തിനായി 14 ഏക്കര്‍ സ്ഥലത്തിന്റെ പ്ലാനാണ് തയാറാക്കിയിട്ടുള്ളതെന്നും കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിനുള്ള സ്ഥലം നീക്കിയിട്ടതിന് ശേഷമാണ് സ്പോര്‍ട്സ് കോംപ്ലക്സ് നിര്‍മിക്കുകയെന്നും എംഎല്‍എ പറഞ്ഞു.
കേരളത്തിലെ തന്നെ ഏറ്റവും വലിയ സ്പോര്‍ട്സ് കോംപ്ലക്സാകും ഇവിടെ നിര്‍മിക്കുക. നഗരസഭയ്ക്ക് ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന വിധത്തിലുള്ള ഓഡിറ്റോറിയം, നീന്തല്‍കുളം, കുട്ടികള്‍ക്കുള്ള കളിസ്ഥലം തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉണ്ടാകും. അന്തര്‍ദേശീയ മത്സരങ്ങള്‍ ഉള്‍പ്പെടെ പത്തനംതിട്ട വേദിയാകുന്നതിന് സ്പോര്‍ട്സ് കോംപ്ലക്സ് വഴിയൊരുക്കും.
സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട നഗരസഭയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും ധാരണാപത്രം ഒപ്പുവയ്ക്കും. സ്റ്റേഡിയം വരുന്നതോടുകൂടി കായികരംഗത്തിനൊപ്പം വ്യാപാരം ഉള്‍പ്പെടെ മറ്റ് മേഖലകളിലും വന്‍കുതിപ്പിന് വഴിയൊരുങ്ങുമെന്നും എംഎല്‍എ പറഞ്ഞു. നഗരസഭാ ചെയര്മാന് പി.കെ.ജേക്കബ്, മുന്‍ കൗണ്‍സിലര്‍ ഉമ്മന്‍ ജേക്കബ് തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. നിര്‍മാണത്തിന് മുന്നോടിയായി മണ്ണിന്റെ ഉറപ്പാണ് ഇപ്പോള്‍ പരിശോധിച്ചുവരുന്നത്.