തിരുവമ്പാടി : തിരുവമ്പാടി നിയോജക മണ്ഡലത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച അന്താരാഷ്ട്ര സ്റ്റേഡിയം മുക്കം നഗരസഭയിലെ മാമ്പറ്റയിൽ നിർമിക്കാൻ തീരുമാനമായി. നേരത്തെ തിരുവമ്പാടിക്ക് അനുവദിച്ചിരുന്ന സ്റ്റേഡിയം തുടർച്ചയായി വെള്ളപ്പൊക്കമുണ്ടാവുന്ന സാഹചര്യത്തിൽ മുക്കത്തേക്ക് മാറ്റുകയായിരുന്നു.
നഗരസഭയുടെ അധീനതയിലുള്ള രണ്ടേക്കറോളം വരുന്ന മാമ്പറ്റ മിനി സ്റ്റേഡിയമാണ് അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയമാക്കി മാറ്റുന്നത്. ആറരകോടിയോളം രൂപ ചിലവഴിച്ചാണ് സ്റ്റേഡിയം നിർമിക്കുന്നത്. 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, ഫുട്ബോളിനായി പുൽമൈതാനം, ആധുനിക ജിംനേഷ്യം, ജംപിംഗ് പിറ്റുകൾ, ഗാലറി എന്നിവ നിർമിക്കാനാണ് പദ്ധതി.
സ്റ്റേഡിയം നിർമാണം പൂർത്തിയാവുന്നതോടെ ദേശീയ സംസ്ഥാന മത്സരങ്ങൾക്കും ഇവിടം വേദിയാവും.നിർമാണ ചുമതലയുള്ള കിറ്റ്കോ കമ്പനിയുടെ വിദഗ്ധൻ വി.അരവിന്ദ് സ്ഥലത്ത് പരിശോധന നടത്തി.10 ദിവസത്തിനകം നിർമാണം തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഗൗണ്ട് അന്താരാഷ്ട്ര സ്റ്റേഡിയത്തിന് അനുയോജ്യമാണന്നും അദ്ധേഹം പറഞ്ഞു.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന റൈറ്റ് എഡ്ജാണ് നിർമാണത്തിന്റെ കരാർ ഏറ്റെടുത്തത്. ഒന്പത് മാസത്തിനകം സിന്തറ്റിക് ട്രാക്ക് ഒഴികെയുള്ള പ്രവർത്തനങ്ങളും തുടർന്ന് മൂന്ന് മാസം കൊണ്ട് ട്രാക്കിന്റെ പ്രവൃത്തിയും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.