തിരുവനന്തപുരം: മാരകമായ നിപ്പാ വൈറസ് കേരളത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുമ്പോള്‍ ഇതുവരെ അവഗണന അനുഭവിച്ചിരുന്ന നഴ്‌സുമാര്‍ക്ക് ഇത് ഒരു തരത്തില്‍ ഗുണകരമാവുകയാണ്.തിടുക്കപ്പെട്ട് നഴ്‌സിംഗ് ഉദ്യോഗാര്‍ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് പിഎസ്‌സി.
ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരണത്തിന് തയാറാകുന്നു. ജൂണ്‍ പകുതിയോടെ റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനാണ് പിഎസ്‌സിയുടെ നീക്കം. നിപ്പ ഉള്‍പ്പെടെയുള്ള പനികളുടെ നിയന്ത്രണത്തിന് സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് നഴ്‌സുമാരെ ഉടന്‍ നിയമിക്കേണ്ടതുണ്ടെന്ന് ബോധ്യമായ സാഹചര്യത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം വേഗത്തിലാക്കുന്നത്.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ സ്റ്റാഫ് നഴ്‌സ് റാങ്ക് ലിസ്റ്റും ജൂണില്‍തന്നെ പ്രസിദ്ധീകരിക്കും. ഈ തസ്തികയുടെ സാധ്യതാ ലിസ്റ്റ് ഈ ആഴ്ച പ്രസിദ്ധീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനകൂടി പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ആരോഗ്യ വകുപ്പിലും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലുമായി നിലവില്‍ ആയിരത്തോളം സ്റ്റാഫ് നഴ്‌സ് ഒഴിവുകളാണുള്ളത്.
വിവിധ ജില്ലകളിലായി ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയുടെ 500ല്‍ അധികം ഒഴിവുകള്‍ നിലവിലുണ്ട്. ഇതില്‍ 246 ഒഴിവുകള്‍ ഇതിനകം പിഎസ്സിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെ കണക്കാണിത്. ഈ മൂന്ന് ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകളുടെ എണ്ണം ലഭ്യമല്ല.
ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് തിരുവനന്തപുരത്താണ്- 50. ഏറ്റവും കുറവ് ഒഴിവുകള്‍ ഇടുക്കിയില്‍- 2. വിവിധ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് ഒഴിവുകള്‍ ഇനി പറയുന്നു. കൊല്ലം- 35, ആലപ്പുഴ- 13, കോട്ടയം- 04, എറണാകുളം- 42, പാലക്കാട്- 28, മലപ്പുറം- 12, കോഴിക്കോട്- 09, വയനാട്- 12, കണ്ണൂര്‍- 39. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് തസ്തികയിലും അഞ്ഞൂറോളം ഒഴിവുകള്‍ നിലവിലുണ്ട്.
ആരോഗ്യ വകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് തസ്തികയുടെ മുന്‍ റാങ്ക് ലിസ്റ്റുകളില്‍ നിന്നും 4567 നിയമനശുപാര്‍ശ ലഭിച്ചിരുന്നു. ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് റാങ്ക് ലിസ്റ്റുകളില്‍ നിന്ന് 14 ജില്ലകളിലുമായി 2538 പേര്‍ക്കാണ് നിയമനശുപാര്‍ശ ലഭിച്ചത്.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് റാങ്ക് ലിസ്റ്റില്‍ നിന്ന് 2029 പേര്‍ക്കും നിയമനശുപാര്‍ശ ലഭിച്ചു. രണ്ടു തസ്തികയുടെയും പുതിയ റാങ്ക് ലിസ്റ്റുകളില്‍ നിന്ന് 5000ല്‍ അധികം പേര്‍ക്ക് നിയമനം ലഭിക്കുമെന്നാണ് പ്രതീക്ഷ.