കുന്നംകുളം: കുന്നംകുളത്ത് ഇന്നലെ ആറുകിലോ കഞ്ചാവുമായി പിടിയിലായ പെരുന്പിലാവ് സ്വദേശിനി ശ്രീദേവി വിദ്യാർഥികൾക്കിടയിൽ അറിയപ്പെട്ടിരുന്നത് സ്റ്റഫ് ക്വീൻ എന്ന പേരിൽ. മേഖലയിലെ പെണ്‍കുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളിൽ കഞ്ചാവ് ഉപയോഗം വ്യാപകമായി നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം വിശദമായ അന്വേഷണങ്ങൾക്ക് തയാറായത് .
ഇടപാടുകാർ മൊബൈൽ ഫോണിൽ ശ്രീദേവിയുടെ ഫോണ്‍ നന്പർ ചേർത്തിരിക്കുന്നത് സ്റ്റഫ് ക്വീൻ, കഞ്ചാവുറാണി തുടങ്ങിയ പേരുകളിലാണ്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ജനമൈത്രി പൊലീസ് എന്നിവചേർന്നു നടത്തുന്ന വിവിധ വിവരശേഖരത്തിൽ നിന്നാണു ഈ കഞ്ചാവ് റാണിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. പ്രഫഷണൽ കോളജിലെ വിദ്യാർഥികളിൽനിന്നു കഞ്ചാവ് ഇവിടെ ലഭ്യമാണെന്ന് തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു.
വിദ്യാർഥികളിൽ നിന്ന് ലഭിച്ച ഏതാനും മൊബൈൽ നന്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീദേവിയെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചത്. ശ്രീദേവിയെയും ഇടപാടുകാരെയും ബന്ധിപ്പിക്കാൻ മറ്റുകണ്ണികൾ ഉണ്ടോ എന്ന അന്വേഷണത്തിൽ ചില ആണ്‍കുട്ടികൾ വഴിയാണുകഞ്ചാവ് എത്തിക്കുന്നതെന്നാണ് പൊലീസിനു ലഭിച്ച സൂചന.