ഭൂമിയിൽ ഏറ്റവും വിലയേറിയ ജീവി മനുഷ്യവർഗമാണെന്നാണു നമ്മുടെ വിചാരം. എന്നാൽ ഒരു വണ്ടിന്റെ വില കേട്ടാൽത്തന്നെ ഈ അഹങ്കാരം ശമിക്കും. “സ്റ്റാഗ് ബീറ്റിൽ’ എന്നാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പ്രാണിയുടെ പേര്. ഒരു ജാപ്പനീസ് ബ്രീഡർ ഇത്തരത്തിലുള്ള ഒരു വണ്ടിനെ അടുത്തിടെ വിറ്റത് 74.25 ലക്ഷം രൂപയ്ക്ക്. ഓഡി, ബിഎംഡബ്ല്യു പോലുള്ള ആഢംബരക്കാറിന്റെ വില.
ലുക്കാനിഡേ കുടുംബത്തിൽപ്പെട്ടവയാണ് ഈ വണ്ടുകൾ. ഇതിന്റെ 1,200 ഇനങ്ങൾ ഉണ്ടെങ്കിലും “സ്റ്റാഗ് ബീറ്റിൽ’ ഇനത്തിനു മാത്രമാണു മോഹിപ്പിക്കുന്ന വില. വലിയ പ്രമാണിയാണെങ്കിലും ഈ വണ്ടുകൾ മാലിന്യങ്ങളിലാണു കാണപ്പെടുന്നത്.
അതിന്റെ ലാർവകൾ ചീഞ്ഞളിഞ്ഞ മരമാണു ഭക്ഷണമാക്കുന്നത്. ഏകദേശം ഏഴുവർഷം വരെയാണ് ഇവയുടെ ആയുസ്. വണ്ടുകളുടെ തലയിൽ അഞ്ചിഞ്ച് നീളമുള്ള കറുത്ത കൊമ്പുകൾ ഉണ്ട്. ഇവയെ തിരിച്ചറിയാനുള്ള എളുപ്പമാർഗമാണിത്. ചൂടുള്ള സ്ഥലങ്ങളിൽ മാത്രമേ ഇതു കാണപ്പെടൂ. തണുപ്പ് അത്ര പഥ്യമല്ല. രണ്ട് സ്റ്റാഗ് വണ്ടുകൾ പോരാടുമ്പോൾ, അവ സുമോ ഗുസ്തിക്കാരെപ്പോലെ പരസ്പരം പിന്നിലേക്കു തള്ളുമെന്ന പ്രത്യേകതയുമുണ്ട്.
ഇനി, “സ്റ്റാഗ് ബീറ്റിൽ’ എന്ന പ്രാണിക്ക് ലക്ഷങ്ങൾ വിലവരാനുള്ള കാരണം എന്താണെന്നല്ലേ..? അപകടകരമായ രോഗങ്ങൾക്കുള്ള മരുന്നുകൾ നിർമിക്കാൻ ഈ വണ്ടുകളെ ഉപയോഗിക്കുന്നു. അതാണ് ഇത്ര ഡിമാൻഡ്. കാര്യങ്ങൾ ഇങ്ങനെയൊക്കയാണെങ്കിലും ഇവ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.