സ്വന്തം ലേഖകൻ
തൃശൂർ: തിയേറ്ററുകൾ തുറന്നതിനു പിറകേ, അരങ്ങുകൾ ഉണരുകയായി, ചിലങ്കകൾ പൊട്ടിച്ചിരിക്കുകയായി. പത്തു മാസംമുന്പു വീണുലഞ്ഞ തിരശീല ഉയരുന്നു. നൃത്തവും നാടകവും സംഗീതവും അടക്കമുള്ള കലാവേദികൾ വീണ്ടും സജീവമാകുകയാണ്.
കേരള സംഗീത നാടക അക്കാദമിയുടെ തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകി. ജില്ലാ കളക്ടറുടെ അനുമതിയില്ലാതെ റീജണൽ തിയേറ്റർ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു അക്കാദമിയിലെ ഉദ്യോഗസ്ഥർ.
ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സാഹിത്യ അക്കാദമി ഹാളും സിനിമാ തിയേറ്ററുകളും തുറക്കാൻ അനുമതി നൽകിയിട്ടും സംഗീത നാടക അക്കാദമിയുടെ റീജണൽ തിയേറ്റർ തുറക്കാൻ അനുമതി നൽകിയിരുന്നില്ല.
കോവിഡ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് റീജണൽ തിയേറ്റർ തുറക്കാമെന്നാണു കളക്ടർ നൽകിയിരിക്കുന്ന നിർദേശം.
എണ്ണൂറു പേർക്ക് ഇരിക്കാവുന്ന റീജണൽ തിയേറ്ററിൽ അകലം പാലിച്ചുകൊണ്ട് നൂറു പേർക്കു മാത്രമേ പ്രവേശനമുള്ളൂ, അകലം പാലിക്കണം, സാനിറ്റൈസർ സൗകര്യം വേണം തുടങ്ങിയ ഉപാധികളോടെയാണു ജില്ലാ കളക്ടർ അനുമതി നൽകിയത്.
കോവിഡ് കാല അടച്ചുപൂട്ടലിനുശേഷമുള്ള റീജണൽ തിയേറ്ററിലെ ആദ്യ പരിപാടി ശനിയാഴ്ച വൈകുന്നേരം ആറരയ്ക്കു നടക്കും. മൂന്നു നൃത്തമാണ് അരങ്ങേറുക. നവനീതം കൾച്ചറൽ ട്രസ്റ്റിന്റെ രജത ജൂബിലിയോടനുബന്ധിച്ചാണ് “തൗരത്രികം’ എന്ന ഈ നൃത്തോത്സവം ഒരുക്കുന്നത്.
ജപ്പാൻകാരി കെയ്കോ ഒകാനോ അവതരിപ്പിക്കുന്ന മോഹിനിയാട്ടം, തൃശൂർക്കാരായ രശ്മി സുധയുടെ ഭരതനാട്യവും കാർത്തിക മാധവി ഒരുക്കുന്ന കുച്ചിപ്പുടിയുമാണ് “തൗരത്രികം’ നൃത്തോത്സവത്തിൽ അരങ്ങിലെത്തുക. ു