സ്വന്തം ലേഖകൻ
തൃശൂർ: കോവിഡ് കാലത്തും സ്റ്റൈജു മാസ്റ്റർ തിരക്കിലാണ്; രക്തം ദാനം രക്തം ദാനം ചെയ്യിപ്പിച്ചും കോവിഡ് കാലത്തും രക്തക്ഷാമം ഇല്ലാതിരിക്കാനുള്ള ഓട്ടത്തിലാണ് മറ്റം സെന്റ് ഫ്രാൻസിസ് ഹയർസെക്കണ്ടറി സ്കൂൾ സംസ്കൃത അധ്യാപകൻ പി.ജെ. സ്റ്റൈജു.
കോവിഡ് കാലത്ത് രക്തബാങ്കുകളിൽ രക്ത ദൗർലഭ്യം മുൻകൂട്ടി കണ്ട് സന്നദ്ധ രക്തദാന പ്രവർത്തകരുമായി ചുണ്ടൽ സെന്റ് ജോസഫ് ഹോസ്പിറ്റലിലെ രക്തബാങ്കിലെത്തി തന്റെ 65-ാം രക്തദാനം ആഘോഷമാക്കിയതിന്റെ ത്രില്ലിലാണ് സ്റ്റൈജു മാസ്റ്റർ. രക്തദാനം നിരന്തരമായ ഈശ്വര സേവയാണെന്നാണ് മാസ്റ്ററുടെ വിശ്വാസം.
നിരവധി യുവാക്കളെ രക്തദാന മേഖലയിലേക്ക് അദ്ദേഹം കൊണ്ടുവന്നിട്ടുണ്ട്. എൻ.സി.സി, എൻ.എസ്.എസ് വിദ്യാർഥികളെ പങ്കെടുപ്പിച്ചുള്ള പല രക്തദാന ക്യാന്പുകളും നടത്തുന്നതിന് നേതൃത്വം നൽകിയിട്ടുണ്ട്.
താൻ പഠിപ്പിക്കുന്ന സ്കൂളിലെ ഹയർ സെക്കണ്ടറി വിദ്യാർഥികളെ അവരുടെ പതിനെട്ടാം പിറന്നാളിന് രക്തദാനം നടത്തി പിറന്നാൾ വേറിട്ട ആഘോഷമാക്കാനും അതുവഴി ഈ പ്രായത്തിലുള്ള യുവരക്തങ്ങളെ രക്തദാന മേഖലയിലേക്ക് രംഗപ്രവേശം ചെയ്യിപ്പിക്കാനും കഴിഞ്ഞു.
ഓരോ ക്യാന്പിന്റെയും അവസാനം രക്തദാന പ്രതിജ്ഞയെടുപ്പിക്കുകയും മാസ്റ്റർ എഴുതിയ രക്തദാനത്തിന് പത്തു കൽപനകൾ എന്ന ലഘുലേഖ വിതരണവും നടത്തും.
എല്ലാ സർക്കാർ ജീവനക്കാരും വർഷത്തിലൊരിക്കൽ രക്തദാനം നടത്തുക, എൻ.സി.സി, എൻ.എസ്.എസ് സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ രക്തദാനം നിർബന്ധമാക്കുക, പത്തുതവണ രക്തദാനം നടത്തിയവർക്ക് പി.എസ്.സി റാങ്ക്ലിസ്റ്റിൽ വെയിറ്റേജ് മാർക്ക് നൽകുക എന്നീ നിർദ്ദേശങ്ങൾ മാസ്റ്റർ സർക്കാരിന് സമർപിച്ചിട്ടുണ്ട്.
രക്ത ബന്ധു പുരസ്കാരം, എൻ.സി.സി രക്തദാന പതക്കം, ഗുരു പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 24 കേരള ബറ്റാലിയൻ എൻ.സി.സിയിലെ ക്യാപ്റ്റൻ റാങ്കിലുള്ള അസോസിയേറ്റഡ് ഓഫീസറായ സ്റ്റൈജു മാസ്റ്ററുടെ രക്ത ഗ്രുപ്പ് ഒ പോസിറ്റീവാണ്.