ആലുവ: ആലുവ മാർക്കറ്റിൽനിന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് പഴകിയ മീൻ പിടികൂടി. ഇന്ന് രാവിലെ നാല് മുതൽ നടത്തിയ പരിശോധനയിൽ 28 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്.
ഇതിൽ ഒൻപത് കിലോ ചൂരയും 18 കിലോ കേരയുമാണ് മൊബൈൽ ലാബിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയത്.
ഇതിൽ ഒരു കിലോ ചൂര വിൽപ്പനയ്ക്ക് വച്ചതും 18 കിലോ കേര മീൻ വാഹനത്തിൽ കൊണ്ടുവന്നതുമാണ്. വാഹന ഉടമ മൊബെൽ ലാബിൽ പരിശോധന സമയത്ത് ഉണ്ടായിരുന്നതായും പിന്നീട് മുങ്ങിക്കളഞ്ഞതായും ഉദ്യോഗസ്ഥർ അറിയിച്ചു.
15 ഓളം ഇനം മത്സ്യങ്ങൾ പരിശോധന നടത്തി. കേടായവ നശിപ്പിക്കാൻ ആലുവ സഭയ്ക്ക് കൈമാറി.എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ ജോൺ വിജയകുമാർ, ആലുവ ഫുഡ് സേഫ്റ്റി ഓഫീസർ അനീഷ, കളമശേരി, പറവൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർ ഡോ. സിന്ധ്യ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.