പറവൂർ: ഭക്ഷ്യ വിഷബാധയെ തുടർന്ന് അടച്ചുപൂട്ടിയ പറവൂരിലെ മജ്ലിസ് ഹോട്ടലിന്റെ ഉടമകൾ ഒളിവിൽ. ഇവർക്കെതിരേ മനപൂർവമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
ഏതാനും പേർ കൂടിച്ചേർന്നാണ് ഹോട്ടൽ നടത്തുന്നതെങ്കിലും വെടിമറ സ്വദേശി സിയ ഉൾഹക് ആണ് മുഖ്യ പങ്കാളി. ഇന്നലെ രാവിലെ കെടാമംഗലം സ്വദേശികളായ നവീൻ, അതുൽ, പ്രണവ് എന്നീ മൂന്ന് യുവാക്കളാണ് ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സ തേടി ആദ്യം താലൂക്ക് ആശുപത്രിയിൽ എത്തിയത്.
ഇവരുമായി അനുരജ്ഞന ചർച്ച നടത്തി ചില രാഷ്ട്രീയക്കാരുടെ സഹായത്തോടെ പ്രശ്നം പരിഹരിക്കാൻ സിയ ശ്രമം നടത്തിയെങ്കിലും കൂടതൽ ആളുകൾ ഭക്ഷ്യ വിഷബാധയുമായി എത്തിയതോടെ അനുരജ്ഞന ശ്രമം ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.
32 പേരെയാണ് താലൂക്ക് ആശുപത്രിയിൽ മാത്രം പ്രവേശിപ്പിച്ചത്.ഇവരിൽ ഗുരുതരാവസ്ഥയിലായ ചെറായി സ്വദേശിനി ഗീതുവിനെ മാത്രം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരിൽ 2 പേർ ഒഴികെ ചികിത്സ തേടിയ ശേഷം രാത്രിയോടെ ആശുപത്രി വിട്ടു.
ഇറച്ചി വിഭവങ്ങൾ കഴിച്ചവർ മാത്രമാണ് വിഷബാധയേറ്റത്, കുഴിമന്തി വാങ്ങിയ ദമ്പതികളിൽ ചോറ് മാത്രം കഴിച്ച ഭാര്യയ്ക്കും, മക്കൾക്കും കുഴപ്പമുണ്ടായില്ലെങ്കിലും, ചിക്കൻ കഴിച്ച ഭർത്താവ് ചികിത്സ തേടി.
വിവിധ സ്ഥലങ്ങളിൽ നിന്നാണ് ഹോട്ടലിലേക്ക് ബീഫ് ഉം, ചിക്കനും വാങ്ങുന്നത് എന്നതിനാൽ എവിടെ നിന്നും വാങ്ങിയ ഇറച്ചിയിലൂടെയാണ് വിഷബാധ ഉണ്ടായതെന്ന് കൂടുതൽ അന്വേഷണം നടത്തി മാത്രമേ കണ്ടെത്താനാകൂ. ഹോട്ടൽ അടപ്പിച്ച നഗരസഭ ആരോഗ്യവകുപ്പ് ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
വീണ്ടും പഴകിയ ഭക്ഷണം
പറവൂർ: മജ്ലിസ് ഹോട്ടലിലെ ഭക്ഷ്യ വിഷബാധയെ തുടർന്നു പറവൂർ നഗരസഭ ആരോഗ്യ വകുപ്പ് പരിശോധനയിൽ ഇന്നു രാവിലെ മറ്റൊരു ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.
പറവൂർ ടെലിഫോൺ എക്സ്ചേഞ്ചിനു സമീപം പ്രവർത്തിക്കുന്ന കുമ്പാരീസ് ഹോട്ടലിൽ പഴകിയ ഭക്ഷണവും ഇറച്ചിയുമാണ് പിടികൂടിയ്ത്. എലി കടിച്ച ഭക്ഷ്യ വസ്തുക്കൾ പോലും ഫ്രീസറിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ഹോട്ടൽ ആരോഗ്യ വകുപ്പ് അടപ്പിച്ചു.