ചെന്നൈ: ഡിഎംകെ ബിജപിയുമായി ചർച്ചകളിലാണെന്ന തമിഴ്നാട് ബിജെപി അധ്യക്ഷൻ തമിഴിസൈ സൗന്ദർരാജന്റെ പരാമർശം തള്ളി ഡിഎംകെ അധ്യക്ഷൻ സ്റ്റാലിൻ. ഇത്തരത്തിൽ സഖ്യചർച്ചകൾ നടത്തിയെന്നു തെളിയിച്ചാൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കാൻ തയാറാണെന്ന് സ്റ്റാലിൻ പറഞ്ഞു.
പ്രധാനമന്ത്രി മോദിയോ, തമിഴിസൈ സൗന്ദർരാജനോ താൻ തെരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ചു ചർച്ച നടത്തിയെന്നു തെളിയിച്ചാൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കാൻ തയാറാണ്. അവർ ഇതിൽ പരാജയപ്പെട്ടാൽ അവരും രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും സ്റ്റാലിൻ വെല്ലുവിളിച്ചു. തമിഴിസൈ പറഞ്ഞത് നുണയാണെന്നും തോൽവിയുടെ വക്കിൽ നിൽക്കുന്പോൾ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതു ബിജെപിയുടെ പതിവ് പരിപാടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാഷ്ട്രീയ കുടുംബത്തിൽ ജനിച്ച തമിഴിസൈ ഇത്തരത്തിൽ തരംതാഴുന്നത് വേദാനാജനകമാണെന്നു പറഞ്ഞ സ്റ്റാലിൻ, രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആദ്യമായി ഉയർത്തിക്കാട്ടിയത് ഡിഎംകെയാണെന്നും കൂട്ടിച്ചേർത്തു. തൂത്തുക്കുടിയിൽ മാധ്യമങ്ങളോടു സംസാരിക്കവെയാണ് സ്റ്റാലിൻ ബിജെപിയുമായി ചർച്ചകളിലാണെന്ന് തമിഴിസൈ പറഞ്ഞത്.