ചെന്നൈ: ഡിഎംകെ നേതാവ് സ്റ്റാലിന്റെ ഒരു വാക്ക് തമിഴകത്ത് ഇത്രമാത്രം ചലനമുണ്ടാക്കുമെന്ന് ആരും കരുതിയില്ല, ഒരു പക്ഷേ സ്റ്റാലിൻ പോലും ചിന്തിച്ചിട്ടുണ്ടാകില്ല. കഴിഞ്ഞ ദിവസം തിരുപ്പൂരിൽ സംഘടിപ്പിച്ച ഒരു തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ ഡിഎംകെ പ്രസിഡന്റ് സ്റ്റാലിൻ നടത്തിയ പ്രസംഗവും അതിനെത്തുടർന്ന് തമിഴകത്തുണ്ടായ ചില ചലനങ്ങളുമാണ് ഇപ്പോൾ ഇവിടത്തെ ഏറ്റവും പുതിയ സംസാര വിഷയം.
ആവേശം കൊണ്ട് പ്രസംഗിക്കുന്നതിനിടെ സ്റ്റാലിൻ പറഞ്ഞതിത്രമാത്രം. സർക്കാർ അധികാരത്തിൽ വരുന്ന പക്ഷം അഞ്ചു പവനിൽ താഴെ ബാങ്കിൽ പണയം വച്ചിട്ടുള്ള കർഷകരുടെ പണയക്കടം എഴുതിത്തള്ളും. പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളും എന്ന വാഗ്ദാനത്തോട് ചേർത്താണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. കർഷകരെല്ലാം ഇതുകേട്ടതോടെ കൈയടിച്ച്ആഹ്ളാദം പ്രകടിപ്പിച്ചു. അതുകൊണ്ട് തീർന്നു എന്ന് കരുതിയ സ്റ്റാലിൽ പിന്നീടു വന്ന വാർത്തകൾകണ്ട് ശരിക്കും അതിശയിച്ചു പോയത്രേ.
പിറ്റേന്നു മുതൽ ബാങ്കുകൾക്കുമുന്പിൽ വന്പൻ ക്യൂ പ്രത്യക്ഷപ്പെട്ടു. എല്ലാവർക്കും വേണ്ടത് സ്വർണ്ണപ്പണയ വായ്പയാണ്. സ്റ്റാലിന്റെ പ്രഖ്യാപനം ഇക്കഴിഞ്ഞ മൂന്നിനാണ് ഉണ്ടായതെങ്കിൽ തുടർന്ന് 48 മണിക്കൂറിനകം എണ്ണായിരത്തിലധികം പേരാണത്രേ സ്വർണം പണയംവച്ചത്. അതിപ്പോഴ ും തുടരുകയാണ് എന്നാണ് വാർത്ത.
കർഷകരുടെ ബാങ്കുകളിലേക്കുള്ള തള്ളിക്കയറ്റംകൊണ്ട് ശരിക്കും പെട്ടുപോയത് ബാങ്കുകാരാണ്. നിന്നു തിരിയാൻ നേരമില്ലാതെ പണയപ്പണ്ടങ്ങൾ ഉരച്ചും തിരിച്ചുമൊക്കെ ഉറപ്പുവരുത്തി പണം നൽകി അവർ മടുത്തു. ഏതായാലും സംഗതി ശരിക്കും ഏറ്റു. അതുകൊണ്ട് കർഷകർക്കും തങ്ങൾക്കും സിവർണകാലം വന്നേക്കും എന്നാണ് ഡിഎംകെയുടെ കണക്കുകൂട്ടൽ.