ചെന്നൈ: തമിഴ്നാട് സർക്കാർ രണ്ടു ദിവസങ്ങളിലായി നടത്തിയ ആഗോള നിക്ഷേപസംഗമം വമ്പൻ വിജയമായതിനു പിന്നാലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിദേശപര്യടനത്തിനു പുറപ്പെടുന്നു.
ഈ മാസം 28 നാണു വിദേശ സന്ദർശനം ആരംഭിക്കുക. ആദ്യം സ്പെയ്നിലെത്തുന്ന സ്റ്റാലിൻ അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും സന്ദർശിക്കും. കൂടുതൽ രാജ്യങ്ങൾ കൂടി സന്ദർശിക്കാൻ നീക്കമുണ്ട്. ഇക്കാര്യത്തിൽ തീരുമാനം വൈകാതെയുണ്ടാകും.
അതേസമയം രണ്ടു ദിവസങ്ങളിലായി നടന്ന തമിഴ്നാട് സർക്കാരിന്റെ ആഗോള നിക്ഷേപ സംഗമത്തിൽ ഏകദേശം ഏഴു ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപം ഉറപ്പായെന്നാണു റിപ്പോർട്ട്.
ലക്ഷ്യമിട്ടത് അഞ്ചു ലക്ഷം കോടിയായിരുന്നെന്നും 6,64,180 കോടിയുടെ ധാരണാപത്രം ഒപ്പിട്ടെന്നും സ്റ്റാലിൻ പറഞ്ഞു. 14.5 ലക്ഷം പേർക്ക് നേരിട്ട് ജോലി ലഭിക്കുന്നതിനൊപ്പം 27 ലക്ഷത്തോളം തൊഴിലവസരങ്ങൾ ഇതിലൂടെ ലഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.