ന്യൂയോർക്ക്: സ്റ്റാമ്പ് ശേഖരണം ഹോബിയാക്കിയവർ ലോകത്ത് ഒരുപാടുണ്ട്. അപൂർവമായ സ്റ്റാന്പുകൾ തങ്ങളുടെ ശേഖരത്തിലേക്ക് കൊണ്ടുവരാൻ അവരിൽ പലരും എന്തു സാഹസത്തിനും ശ്രമിക്കാറുമുണ്ട്.
അമേരിക്കയില്‍ കഴിഞ്ഞദിവസം ചാള്‍സ് ഹാക്ക് എന്ന എഴുപത്തിയാറുകാരൻ ഒരു സ്റ്റാമ്പ് സ്വന്തമാക്കാൻ മുടക്കിയ തുക അറിഞ്ഞാൽ ആരും അമ്പരക്കും. 16,65,22,000 രൂപയാണ് ഒരു സ്റ്റാമ്പിനായി അദ്ദേഹം ചെലവഴിച്ചത്.
1918ല്‍ അമേരിക്കയില്‍ എയർമെയിൽ സേവനത്തിന് തുടക്കം കുറിച്ചതിന്റെ ഭാഗമായി പുറത്തിറക്കിയ “ഇൻവെർട്ടഡ് ജെന്നി സ്റ്റാമ്പ്’ ആണ് ഇത്രയും വലിയ തുകയ്ക്ക് ലേലത്തിൽ പിടിച്ചത്.
ഈ സ്റ്റാന്പ് പുറത്തിറക്കിയ സമയത്തെ വില വെറും 19.97 രൂപയായിരുന്നു. സ്റ്റാമ്പിന്റെ മധ്യഭാഗത്ത് കർട്ടിസ് ജെഎൻ-4 വിമാനം തലകീഴായി അച്ചടിച്ച നിലയിലാണ്. തലതിരിഞ്ഞ ഈ സ്റ്റാമ്പുകളിൽ 100 എണ്ണം മാത്രമാണ് പൊതുജനങ്ങൾക്കായി അന്നു വിറ്റഴിക്കപ്പെട്ടത്. അന്നുമുതല്‍ സ്റ്റാമ്പ് ശേഖരണക്കാര്‍ക്ക് ഇവ ഏറെ പ്രിയപ്പെട്ടതായി.
ന്യൂയോർക്ക് സിറ്റി ആസ്ഥാനമായുള്ള റോബർട്ട് എ സീഗൽ ഓക്ഷൻ ഗാലറിയാണ് ലേലം സംഘടിപ്പിച്ചത്. ചെറുപ്പം മുതലേ താന്‍ വാങ്ങാനായി കൊതിച്ചിരുന്ന സ്റ്റാമ്പാണ് ഇപ്പോള്‍ സ്വന്തമാക്കിയതെന്ന് സ്റ്റാന്പ് കളക്ടറായ ചാള്‍സ് ഹാക്ക് പറഞ്ഞു.
മുമ്പ് നടന്ന പല ലേലങ്ങളിലും ഈ സ്റ്റാമ്പിനോടൊപ്പം പുറത്തിറങ്ങിയ മറ്റു സ്റ്റാമ്പുകള്‍ ഉയര്‍ന്ന വിലയ്ക്ക് വിറ്റു പോയിരുന്നു. ചാള്‍സ് ഹാക്കിന്റെ കൈവശം സമാനമായ മറ്റ് രണ്ട് സ്റ്റാമ്പുകള്‍ കൂടിയുണ്ട്.
ആദ്യത്തേത് 2000ൽ 24,966,900 രൂപയ്ക്കാണ് വാങ്ങിയത്. 2007ൽ, 8,32,22,000 രൂപ കൊടുത്ത് രണ്ടാമത്തെ സ്റ്റാമ്പ് സ്വന്തമാക്കി. പുറത്തിറക്കിയ സമയത്ത് അച്ചടിച്ച 57 ാമത്തെ സ്റ്റാമ്പാണ് ഇപ്പോള്‍ ഇദ്ദേഹം സ്വന്തമാക്കിയത്.