കോട്ടയം: മുദ്രപത്രങ്ങള്‍ക്കും റവന്യൂ സ്റ്റാമ്പുകള്‍ക്കും കനത്ത ക്ഷാമമെന്നു പരാതി. മുനിസിപ്പാലിറ്റിയിലേക്കും പഞ്ചായത്തുകളിലേക്കും റവന്യൂ, താലൂക്ക്, മരാമത്ത് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള അപേക്ഷകള്‍ക്കും കുറഞ്ഞ തുകയുടെ സ്റ്റാമ്പുകളും മുദ്രപത്രങ്ങളും നിര്‍ബന്ധമാണ്. എന്നാല്‍ ആഴ്ചകളായി ജില്ലയിലെ വിവിധ നഗരങ്ങളിലും പഞ്ചായത്തുകളിലും മുദ്രപത്രങ്ങളും സ്റ്റാമ്പുകളും കിട്ടാനില്ലാത്ത അവസ്ഥയാണ്. വിവിധ അപേക്ഷകളും ആനുകൂല്യങ്ങളും വാങ്ങുന്നതിന് ഇവ നിര്‍ബന്ധമാണെന്നിരിക്കെ ഇവ കിട്ടാനില്ലാത്തത് ആവശ്യക്കാരെ വലക്കുകയാണ്.
വിവിധ കരാറുകള്‍, വാടക ചീട്ടുകള്‍, ബാധ്യതകള്‍, ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്ക് അപേക്ഷ നല്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വെണ്ടര്‍മാരുടെ കൈവശവും 50, 100, 200 രൂപ മൂല്യമുള്ള മുദ്രപത്രങ്ങള്‍ ഇല്ലെന്നാണ് പറയുന്നത്. ട്രഷറികളില്‍ നിന്നുള്ള വിതരണം നിര്‍ത്തിവച്ചിരിക്കുന്നതായി അവര്‍ പറയുന്നു.
കൂടാതെ 2, 5, 10 രൂപയുടെ കോര്‍ട്ട്ഫീ സ്റ്റാമ്പുകളും കിട്ടാനില്ല. മുദ്രപത്രങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതാണ് പ്രതിസന്ധിക്കു കാരണമായി പറയുന്നത്. സര്‍ക്കാര്‍ തലത്തിലുള്ള വിവിധ സേവനങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനായി ആണു ലഭ്യമാകുന്നത്. ഇതിന് അക്ഷയ വഴിയോ മറ്റ് ജനസേവന കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷ കൊടുക്കണം.
മുദ്രപത്രങ്ങളുടെ മറ്റും തുക ഓണ്‍ലൈനായി അടച്ചാല്‍ മതിയാകും. സര്‍ട്ടിഫിക്കറ്റുകള്‍ പേപ്പറുകളില്‍ പ്രിന്റ് ചെയ്തു ലഭിക്കുന്ന വിധത്തിലാണ് ഓണ്‍ലൈന്‍ സേവനം സജ്ജമാക്കിയിരിക്കുന്നത്. ഈ സേവനത്തിനു മുന്നോടിയായാണ് ഇപ്പോള്‍ മുദ്രപത്രങ്ങളുടെയും മറ്റും വിതരണം നിര്‍ത്തിവച്ചിരിക്കുന്നത്.
എന്നാല്‍ നിലവില്‍ ആവശ്യങ്ങളുമായി എത്തുന്നവര്‍ക്ക് മുദ്ര പേപ്പറുകളുടെ ദൗര്‍ലഭ്യം തിരിച്ചടിയായിരിക്കുകയാണ്. വെണ്ടര്‍മാരുടെയും വിവിധ ഏജന്‍സി സേവനകേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം ഓണ്‍ലൈന്‍ സംവിധാനം വരുന്നതോടെ പ്രതിസന്ധിയില്‍ ആകുമെന്നും ആശങ്കയുണ്ട്. പത്രങ്ങളുടെയും സ്റ്റാമ്പുകളുടെയും ക്ഷാമത്തിനു പരിഹാരം കാണാന്‍ ജില്ലാ ട്രഷറികള്‍ ഇടപെടണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.