ജെയിസ് വാട്ടപ്പിള്ളിൽ
മൂവാറ്റുപുഴ: ചെറിയ തുകയുടെ മുദ്രപത്രങ്ങൾ കിട്ടാനില്ല.ആവശ്യക്കാർ വലയുന്നു. ഒരുമാസമായി എറണാകുളം ജില്ലയിൽ മുദ്രപ്പത്രങ്ങൾക്ക് കടുത്തക്ഷാമമാണ് അനുഭവപ്പെടുന്നത്. മഹാരാഷ്ട്രയിലെ നാസിക്കിൽ നോട്ടുകൾ അച്ചടിക്കുന്ന അതേ പ്രസിൽ തന്നെയാണ് മുദ്രപത്രങ്ങളും അച്ചടിച്ചുവന്നിരുന്നത്. നോട്ടുനിരോധനത്തെ തുടർന്നു രാപ്പകൽ പുതിയ നോട്ടുകളുടെ അച്ചടി നടക്കുകയാണ്. ഇതുമൂലം മുദ്രപത്രം അച്ചടിക്കുന്നതു താത്ക്കാലികമായി നിർത്തിവച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നറിയുന്നു.
നാസിക്കിൽ അച്ചടിക്കുന്ന മുദ്രപത്രങ്ങൾ സെൻട്രൽ സ്റ്റാന്പ് ഡിപ്പോയിലേക്കും ഇവിടെ നിന്നു ജില്ലാ സ്റ്റാന്പ് ഡിപ്പോകളിലും എത്തിച്ച് അവിടെ നിന്നു ട്രഷറികൾ വഴിയാണ് വെണ്ടർമാർക്ക് വിതരണം ചെയ്യുന്നത്. കൂടിയ തുകയുടെ മുദ്രപത്രങ്ങൾ ലഭ്യമാണെങ്കിലും ചെറിയ തുകയുടെ മുദ്രപത്രം ലഭിക്കാത്തതു പലമേഖലകളിലും കടുത്തപ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വിവിധ കരാറുകൾ,വാടക ഉടന്പടികൾ,ജനന-മരണ സർട്ടിഫിക്കറ്റുകൾ,ബാങ്കുകളിലെ വായ്പാ ഉടന്പടികൾ,നോട്ടറി അഫിഡമിറ്റ് തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങൾക്ക് ചെറിയ തുകയുടെ മുദ്രപത്രം അനിവാര്യമാണ്.
ആവശ്യമായ മുദ്രപത്രം ലഭിക്കാത്ത സാഹചര്യത്തിൽ കൂടിയ വിലയുടെ പത്രം വാങ്ങിയാണ് പലരും കാര്യം നടത്തുന്നത്. ഇതു സർക്കാരിന് വരുമാനം വർധിക്കുമെങ്കിലും സാധാരണക്കാരന്റെ പോക്കറ്റ് കാലിയാകുകയാണ്. ഇതിനിടെ ഇ-സ്റ്റാന്പിംഗ് വ്യാപകമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ചെറിയതുകയുടെ മുദ്രപത്രങ്ങൾ അച്ചടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതാണ് മുദ്രപത്രങ്ങളുടെ ക്ഷാമത്തിനു കാരണമെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
നേരത്തെ ജനന സർട്ടഫിക്കറ്റിനും മറ്റും നഗരസഭ,പഞ്ചായത്ത് ഓഫീസുകളിൽ നൽകുന്ന അപേക്ഷയോടൊപ്പം 50 രൂപയിൽ കുറയാത്ത തുകയുടെ മുദ്രപത്രവും നൽകേണ്ടതുണ്ടായിരുന്നു.എന്നാൽ, ചിലയിടങ്ങളിൽ ജനന സർട്ടിഫിക്കറ്റുകളും മറ്റും അക്ഷയ കേന്ദ്രം വഴിയാണ് ഇപ്പോൾ നൽകുന്നത്. ഈ സാഹചര്യത്തിൽ മുദ്രപത്രത്തിന്റെ ആവശ്യം ഒഴിവാകുകയാണ്.
ഇതിനിടെ മുദ്ര പത്രത്തിനു ക്ഷാമം അനുഭവപ്പെടുന്നതിനിടെ റവന്യൂ സ്റ്റാന്പും കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഇതും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്.സർക്കാരിൽ നിന്നു ലഭിക്കേണ്ട പല രേഖകൾക്കും നൽകുന്ന അപേക്ഷയിലും റവന്യൂ സ്റ്റാന്പ് പതിക്കേണ്ടതുണ്ട്.ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.