സി.അനിൽകുമാർ
പാലക്കാട്: ഡ്രിബ്ളിംഗിന്റെ ചാരുത, ഹെഡറിലെ മാസ്മരികത, സിസർകട്ടിന്റെ അപാരത, ഗോൾശ്രമത്തിന്റെ കൂട്ടപ്പൊരിച്ചിൽ, ഫൗളിന്റെ കടുപ്പം, പന്ത് വല ചുംബിക്കുന്പോഴുള്ള ഗോളിന്റെ ആവേശപ്രകടനം. ഗോളിയേയും വെട്ടിച്ചുള്ള സ്ട്രൈക്കറുടെ കുതിപ്പ്, അപാരമായ മെയ് വഴക്കത്തോടെ പന്തിനെ വലയ്ക്കപ്പുറത്തേക്ക് കുത്തിവിടുന്ന ഗോൾകീപ്പർ..
ഇതൊരു ഫുട്ബോൾ മത്സരത്തിന്റെ ദൃശ്യങ്ങളോ വിവരണമോ അല്ല…കാൽപ്പന്തുകളിയുടെ കാല്പനികത ഉൾക്കൊണ്ട ചില സ്റ്റാന്പുകളുടെ വർണനയാണ്.ലോകത്തിന്റെ ഏതു കോണിൽ പന്തുരുളുന്പോഴും അതിനെ നെഞ്ചോടുചേർക്കുന്ന മലയാളികൾക്കിടയിലെ വേറിട്ടൊരു ഫുട്ബോൾ പ്രേമമാണിത്. കാൽപ്പന്തുകളിയുടെ ആവേശം നിറഞ്ഞ സ്റ്റാന്പുകൾ ശേഖരിച്ചുവച്ചിരിക്കുന്ന പാലക്കാട് മുട്ടിക്കുളങ്ങര കടന്പടിപുരം കെ.എസ്.രാജേഷ് എന്ന യുവാവിന്റെ ഫുട്ബോൾസ്നേഹത്തിന്റെ അടയാളങ്ങൾ.
ഫുട്ബോളിലെ ആവേശ നിമിഷങ്ങളെല്ലാം ഒപ്പിയെടുക്കാൻ രാജേഷിന് ടിവി കാണേണ്ട. തന്റെ ശേഖരത്തിലുള്ള സ്റ്റാന്പുകളെടുത്തുനോക്കിയാൽ മതി. അതിലുണ്ട് ലോക ഫുട്ബോളിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ ഒപ്പിയെടുത്ത ചിത്രങ്ങളടങ്ങിയ സ്റ്റാന്പുകൾ. ഒന്നും പത്തുമല്ല, നൂറിലധികംവരുന്ന, ഫുട്ബോൾ ചാരുതയുടെ കൈയൊപ്പു പതിഞ്ഞ സ്റ്റാന്പുകൾ.
സാക്ഷാൽ മറഡോണ മുതൽ സിനദിൻ സിദാൻവരെയുള്ള ലോക ഫുട്ബോളിലെ മാന്ത്രികരുടെ ചിത്രങ്ങളുണ്ട് ഈ ഫുട്ബോൾ പോസ്റ്ററുകളിൽ. ലോകകപ്പ് ഫുട്ബോൾ മത്സരം മുതൽ കോപ്പയും ഒളിന്പിക്സും മറ്റുമടങ്ങിയ നിരവധി ഫുട്ബോൾ നിമിഷങ്ങളുണ്ട്.ഫ്രാൻസ്, ക്യൂബ, നിക്കരാഗ്വ, റുവാണ്ട, വിയറ്റ്നാം, കോംഗോ, ചെക്കോസ്ലോവാക്യ, മംഗോളിയ തുടങ്ങിയ നിരവധി രാജ്യങ്ങൾ പുറത്തിറിക്കിയ സ്റ്റാന്പുകളിലാണ് കാൽപ്പന്തിന്റെ ആവേശം നിറച്ചിരിക്കുന്നത്.
1958 ലോകകപ്പ് ഫുട്ബോളിൽ സ്വീഡന്റെ മുന്നേറ്റം ഓർമിപ്പിക്കുന്ന സ്റ്റാന്പുണ്ട്. 1990 ൽ മറഡോണയുടെ ഡ്രിബ്ളിംഗ് പാടവവുമായി വിയറ്റ്നാമിന്റെ സ്റ്റാന്പ്, 86കളിലെ കോപ്പ ഫുട്ബോളിൽ മെക്സിക്കോയുടെ മുന്നേറ്റം, അർജന്റീന ഉറുഗ്വേയോടു പരാജയപ്പെട്ട 1930ലെ നിമിഷം, 1966 ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ ഗോൾ അങ്ങനെ ലോകം കണ്ട, ഇതുവരെയും മറക്കാനാവാത്ത മുഹൂർത്തങ്ങളുടെ അനവധി ചിത്രങ്ങളാണ് രാജേഷിന്റെ സ്റ്റാന്പുകളിലുള്ളത്.
തീർന്നില്ല, കുട്ടികളിൽ ഫുട്ബോൾ വളർത്തുന്നതിന്റെ ഭാഗമായി നിക്കരാഗ്വ 1979 ൽ പുറത്തിറക്കിയ സ്റ്റാന്പ്, സ്ത്രീകളുടെ ഫുട്ബോൾ മത്സരത്തിന്റെ ഭാഗമായി 1985 ൽ ഇറക്കിയ സ്റ്റാന്പ് എന്നിവയെല്ലാം ശേഖരത്തിൽ വേറിട്ടുനിൽക്കുന്നു.
കളത്തിലിറങ്ങിയില്ലെങ്കിലും ഫുട്ബോൾ രാജേഷിന് എന്നും ആവേശമാണ്. വീടിനു മുന്പിലെ മുട്ടിക്കുളങ്ങര പോലീസ് ക്യാന്പ് ഗ്രൗണ്ടിലെ ഫുട്ബോൾ ആരവം കണ്ടും കേട്ടുമാണ് രാജഷിലെ കാൽപ്പന്തുകളിപ്രേമവും ഉണർന്നത്.
സ്റ്റാന്പുശേഖരണം ഒരു വിനോദമായി തുടർന്നതിനാൽ അതിൽ ഫുട്ബോളിന്റെ സ്റ്റാന്പുകളും ഉൾപ്പെടുത്തി. സ്റ്റാന്പ് ശേഖരണത്തിൽ മാത്രമൊതുങ്ങുന്നില്ല ഈ യുവാവിന്റെ താത്പര്യം. അപൂർവമായ നാണയങ്ങളുടെ ശേഖരവും പക്കലുണ്ട്.