സിജോ പൈനാടത്ത്
കൊച്ചി: സ്കൂള്‍ കലാ, കായിക മേളകള്‍ ഇല്ലെങ്കിലും അതിന്റെ നടത്തിപ്പിനെന്ന പേരില്‍ തുക ശേഖരിക്കുന്നത് ഇക്കുറിയും തുടരുന്നു. മേളകളുടെ ചെലവിലേക്കായി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സ്റ്റാമ്പുകള്‍ നല്കി തുക സമാഹരിക്കുന്നതു പൊതുവിദ്യാലയങ്ങളില്‍ പുരോഗമിക്കുകയാണ്.
ഒരു വിദ്യാര്‍ഥി 15 രൂപ വീതമാണു ശിശുദിന സ്റ്റാമ്പിനായി നല്‍കേണ്ടത്. സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായി സംസ്ഥാനത്തെ 12,644 പൊതുവിദ്യാലയങ്ങളില്‍ 37,16,897 വിദ്യാര്‍ഥികളാണു പഠിക്കുന്നത്. എല്ലാ സ്കൂളുകളിലേക്കും സ്റ്റാമ്പുകള്‍ എത്തിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികളില്‍ നിന്ന് ആകെ 5.57 കോടി രൂപയാണു പൊതുവിദ്യാഭ്യാസ വകുപ്പ് സ്റ്റാമ്പിന്റെ വിലയായി ശേഖരിക്കുന്നത്. സബ് ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിലെ കലാ, കായിക, ശാസ്ത്ര മേളകള്‍ക്കാണ് ഈ തുക ചെലവഴിക്കുന്നതെന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷമായി മേളകളൊന്നും നടന്നിട്ടില്ല.
വിദ്യാര്‍ഥികള്‍ക്കു പുറമേ, ഓരോ അധ്യാപകനും 250 രൂപ സ്റ്റാമ്പ് ഇനത്തില്‍ നല്കാന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ തുക മേളകള്‍ക്കു വേണ്ടിയാണോ ഉപയോഗിക്കുന്നതെന്നു വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടില്ലെന്ന് അധ്യാപകര്‍ പറയുന്നു.
സ്റ്റാമ്പിന്റെ തുക ഓരോ സ്കൂളുകളും ട്രഷറിയില്‍ അടയ്ക്കണമെന്നാണു നിര്‍ദേശം.
അതേസമയം ക്ലാസുകള്‍ നടക്കാതിരുന്ന 2020-21 അധ്യയന വര്‍ഷത്തിലെ സ്റ്റാമ്പിന്റെ തുകയും ട്രഷറിയില്‍ അടയ്ക്കണമെന്നു ചില സ്കൂളുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചില സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തേക്കാള്‍ മൂന്നിരട്ടി സ്റ്റാമ്പുകളാണ് എത്തിച്ചിട്ടുള്ളത്.
വിദ്യാര്‍ഥികള്‍ ഭാഗികമായി ഓണ്‍ലൈന്‍ ക്ലാസുകളില്‍ തുടരുന്നതും സ്റ്റാമ്പുകള്‍ വാങ്ങാത്തതും പ്രധാനധ്യാപകര്ക്കാണു തിരിച്ചടിയാവുന്നത്. 21 മുതല്‍ സ്കൂളുകള്‍ അടയ്ക്കുന്നതോടെ സ്റ്റാമ്പിന്റെ തുക ശേഖരിക്കുന്നതും നിലയ്ക്കും. മേളകളൊന്നും ഇല്ലെങ്കില്‍ പിന്നെ എന്തിനാണു സ്റ്റാമ്പു വില്പനയെന്നു രക്ഷിതാക്കളും ചോദിക്കുന്നു.
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയ്ക്കു മതിയായ തുക സര്‍ക്കാര്‍ നല്‍കാത്തതിലൂടെ കുട്ടികള്‍ക്കു ഭക്ഷണമൊരുക്കാനുള്ള വിഭവങ്ങള്‍ക്കു പോക്കറ്റില്നിന്നും പിരിവു നടത്തിയും പണം കണ്ടെത്തേണ്ടിവരുന്ന പ്രതിസന്ധിയ്ക്കു പുറമേയാണു സ്റ്റാമ്പ് വില്പനയും പ്രധാനധ്യാപകര്‍ക്കു തലവേദനയാവുന്നത്.