മുംബൈ: ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ ആശുപത്രിയിൽ അന്തരിച്ച ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തെക്കുറിച്ച് മജിസ്ട്രേറ്റ്തല അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ജയിൽ വകുപ്പ് അറിയിച്ചു.
പോലീസ് കസ്റ്റഡിയിലോ ജുഡീഷൽ കസ്റ്റഡിയിലോ മരണം സംഭവിച്ചാൽ മജിസ്ട്രേറ്റ്തല അന്വേഷണം നടത്തേണ്ടതുണ്ട്. പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തതിനു ശേഷമാകും അന്വേഷണമെന്നും ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
മുംബൈ ഹോളി ഫാമിലി ആശുപത്രിയിൽ തിങ്കളാഴ്ച 1.30നായിരുന്നു ഫാ. സ്റ്റാൻ സ്വാമിയുടെ അന്ത്യം. മുംബൈ തലോജ ജയിലിലായിരുന്ന അദ്ദേഹത്തെ കോടതി ഇടപെടലിനെത്തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ചായിരുന്നു എൺപത്തിനാലുകാരനായ ഫാ. സ്റ്റനിസ്ലാവോസ് ലൂർദ് സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്തു ജയിലിലടച്ചത്.