ചെന്നൈ: ആദായനികുതി വകുപ്പ് വിജയിയെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസത്തിലേയ്ക്ക് കടന്നപ്പോള്‍ നടനു പിന്തുണയുമായി സോഷ്യല്‍ മീഡിയ.
വിജയ് എവിടെയെന്നും എന്താണ് താരത്തിനെതിരായ കുറ്റമെന്നുമൊക്കെ ചോദിച്ച് നിരവധി പേരാണ് ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം സജീവമായത്. “സ്റ്റാന്‍ഡ് വിത്ത് വിജയ്’ എന്ന ഹാഷ്ടാഗിലാണ് താരത്തിനുള്ള ഐക്യദാര്‍ഡ്യ പ്രഖ്യാപനം.
ഇതിനിടെ വിജയിയെ ചോദ്യം ചെയ്യുന്നതിന് ഇന്ന് കൂടുതല്‍ ഉദ്യോഗസ്ഥരെത്തി. ആദായ നികുതി വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ കൂടി വിജയിയുടെ വസതിയിലെത്തിയാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്.
അതേസമയം വിജയിക്ക് ഒരു നീതിയും രജനീകാന്തിന് മറ്റൊരു നീതിയും എന്ന മട്ടില്‍ ആരാധകര്‍ തമിഴ്നാട്ടില്‍ വ്യാപക പ്രചാരണങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന നടന് രജനീകാന്തിനെതിരേ ആദായനികുതി വകുപ്പ് ഹൈക്കോടതിയില്‍ നല്കിയ ടാക്സ് അപ്പീല്‍ പിന്‍വലിച്ചിരുന്നു.
കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിന്റെ തീരുമാനപ്രകാരമായിരുന്നു ഇത്. ഈ തീരുമാനം വന്ന് ദിവസങ്ങള്‍ക്കകം രജനി ബിജെപി അനുകൂല പ്രസ്താവനകളുമായി എത്തിയതും ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
തുടര്‍ച്ചയായി സര്‍ക്കാരിനെ പിന്തുണച്ചു സംസാരിക്കുന്നതിന്റെ പ്രത്യുപകാരമാണ് രജനിക്കു ലഭിക്കുന്നതെന്നും സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന സിനിമകളില്‍ അഭിനയിച്ചതിന്റെ പേരില്‍ വിജയിനെ വേട്ടയാടുകയാണെന്നുമാണ് ആരാധകര്‍ പറയുന്നത്.
ഈ രണ്ടു വിഷയങ്ങളും താരതമ്യം ചെയ്ത് കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനങ്ങളാണ് നവമാധ്യമങ്ങളിലും നിറയുന്നത്.