ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി എം.കെ. സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 15 പുതുമുഖങ്ങളും രണ്ടു വനിതകളും അടക്കം 33 അംഗ മന്ത്രിസഭയും ചുമതലയേറ്റു.
രാജ്ഭവനിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. കമൽഹാസൻ, ശരത്കുമാർ, പി. ചിദംബരം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഉദയനിധി സ്റ്റാലിന് മന്ത്രിസഭയിൽ സ്ഥാനമില്ല.
നീണ്ട പത്തു വർഷത്തിനുശേഷം അണ്ണാഡിഎംകെയെ ഭരണത്തിൽനിന്നു പുറത്താക്കിയാണ് ദ്രാവിഡ രാഷ്ട്രീയത്തിൽ ഡിഎംകെ അധികാരം പിടിച്ചത്. 234 അംഗ നിയമസഭയിൽ 158 സീറ്റുകളിൽ ഡിഎംകെ സഖ്യം മുന്നിലെത്തി.
അണ്ണാഡിഎംകെ 76 സീറ്റിൽ ഒതുങ്ങി.1989ലാണ് സ്റ്റാലിൻ ആദ്യമായി നിയമസഭാംഗമായത്. 1996ൽ ഡിഎംകെ ഭരണത്തിൽ എത്തിയപ്പോഴും അദ്ദേഹം എംഎൽഎയായി തുടർന്നു.
പിന്നീട് ചെന്നൈ മേയറായി പ്രവർത്തിച്ച സമയത്തു നടത്തിയ വികസനപ്രവർത്തനങ്ങളാണ് സ്റ്റാലിനെ കൂടുതൽ ജനകീയനാക്കിയത്.