ചെന്നൈ: തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ തന്റെ സർക്കാരിലെ മന്ത്രിയെ തന്റെ അനുവാദമില്ലാതെ ഗവർണർക്ക് പുറത്താക്കാനാകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽനിന്നു നീക്കിയ ഗവർണറുടെ നടപടിയെ ചോദ്യം ചെയ്താണ് ഗവർണർക്കെതിരെ സ്റ്റാലിൻ രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണർക്ക് സ്റ്റാലിൻ കത്തു നൽകി.
അറ്റോർണി ജനറലിൽനിന്ന് നിയമോപദേശം തേടാതെയുള്ള നടപടിയായതിനാലാണ് ഭരണഘടനാവിരുദ്ധമെന്ന് കണ്ട് ഉത്തരവിറക്കി മണിക്കൂറുകൾക്കകം തിരുത്തേണ്ടി വന്നതെന്നും കത്തിൽ പരാമർശമുണ്ട്.
വ്യാഴാഴ്ചയാണ് അസാധാരണ നടപടിയിലൂടെ ഗവർണർ വകുപ്പില്ലാ മന്ത്രിയായി തുടരുന്ന സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയത്.
എന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ നിന്ന് നിയമോപദേശം തേടാൻ നിർദേശം ലഭിച്ചതിനാൽ മണിക്കൂറുകൾക്കം ഗവർണർ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.