കൊച്ചി: ബാറുടമകള്‍ സ്റ്റാര്‍ പദവിക്കായി ടൂറിസം ഉദ്യോഗസ്ഥര്‍ക്ക് കോഴയായി പണം നല്‍കിയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ടൂറിസം ഉദ്യോഗസ്ഥര്‍ക്കാണ് കോഴ നല്‍കിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സിബിഐ റെയ്ഡ് നടത്തി.
ഇന്ത്യ ടൂറിസം ചെന്നൈ റീജിയണല്‍ ഡയറക്ടര്‍ സജ്ഞയ് വാട്സിനും അസിസ്റ്റന്റ് ഡയറക്ടര്‍ രാമകൃഷ്ണയ്ക്കുമാണ് പണം കോഴയായി നല്‍കിയത്.
കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യ സജ്ഞയ് വാട്സിന്റെ കാര്‍ തടഞ്ഞ് നിര്‍ത്തി ഫോണ്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ 55 ലക്ഷത്തോളം രൂപ പിടിച്ചെടുത്തതായാണ് റിപ്പോർട്ട്.
ഇരുവരെയും സിബിഐ നാളുകളായി നിരീക്ഷിച്ചു വരികയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ സഞ്ജയ് വാട്സിന് ചെന്നൈയിലേക്ക് പോകാന്‍ കൊച്ചി വിമാനത്താവളത്തിലേക്ക് വരുന്ന വഴിയില്‍ വച്ചാണ് സിബിഐ ഉദ്യോഗസ്ഥര്‍ തടഞ്ഞത്.
ഇയാളില്‍ നിന്ന് കണ്ടെടുത്ത ഫോണില്‍ നിന്ന് ഏജന്റുമാര്‍ ബന്ധപ്പെട്ടതിന്റെയും മറ്റു കോഴ ഇടപാടിന്റെയും വിവരങ്ങൾ സിബിഐക്ക് ലഭിച്ചു.ചെന്നൈയിലുള്ള ഇന്ത്യ ടൂറിസത്തിന്റെ റീജിയണല്‍ ഓഫീസാണ് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും സ്റ്റാര്‍ പദവി നല്‍കുന്നത്.