മെൽബണ്‍: വെറും 24 പന്തിന്റെ ഇടവേളയിൽ ആറ് ഇംഗ്ലീഷ് വിക്കറ്റുകൾ പിഴുത അരങ്ങേറ്റക്കാരൻ പേസർ സ്കോട്ട് ബോലണ്ടിന്റെ മികവിൽ മൂന്നാം ആഷസ് ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയ ജയം സ്വന്തമാക്കി. ഇന്നിംഗ്സിനും 14 റണ്‍സിനുമായിരുന്നു ഓസ്ട്രേലിയയുടെ ജയം.
രണ്ടാം ഇന്നിംഗ്സിൽ ഏഴു റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ മുപ്പത്തിരണ്ടുകാരനായ സ്കോട്ട് ബോലണ്ട് ആണ് മാൻ ഓഫ് ദ മാച്ച്. ബോലണ്ട് കത്തിക്കയറിയപ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 68 റണ്‍സിൽ ഭസ്മമായി. ആദ്യ ഇന്നിംഗ്സിൽ ബോലണ്ട് ഒരു വിക്കറ്റ് സ്വന്തമാക്കിയിരുന്നു. സ്കോർ: ഇംഗ്ലണ്ട് 185, 68. ഓസ്ട്രേലിയ 267. ഇതോടെ 3-0ന് ഓസ്ട്രേലിയ ആഷസ് പരന്പര ഉറപ്പിച്ചു.
രണ്ടാം ദിനം അവസാനിച്ചപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 31 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. മൂന്നാം ദിനം 15.4 ഓവർ മാത്രമാണ് ഓസ്ട്രേലിയൻ ബൗളിംഗ് ആക്രമണം ഇംഗ്ലണ്ട് ചെറുത്തുനിന്നത്. ക്യാപ്റ്റൻ ജോ റൂട്ടും (28), ബെൻ സ്റ്റോക്സും (11) മാത്രമാണ് ഇംഗ്ലീഷ് നിരയിൽ രണ്ടക്കം കണ്ടത്. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക്ക് മൂന്നും കാമറൂണ്‍ ഗ്രീൻ ഒരു വിക്കറ്റും വീഴ്ത്തി. 4-1-7-6 എന്നതായിരുന്നു ബോലണ്ടിന്റെ ബൗളിംഗ് ഫിഗർ.
ഇംഗ്ലണ്ടിനു നാണക്കേട്
2021 കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് തോൽവി എന്ന നാണക്കേട് ഇംഗ്ലണ്ടിനു സ്വന്തം. ഇംഗ്ലണ്ടും ബംഗ്ലാദേശും ഈ കലണ്ടർ വർഷത്തിൽ ഒന്‍പത് ടെസ്റ്റിൽ പരാജയപ്പെട്ടു. ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയ്ക്ക് ഉണ്ടായിരുന്നത് 82 റണ്‍സിന്റെ മാത്രം ലീഡ്. എന്നിട്ടും ഇന്നിംഗ്സിനും 14 റണ്‍സിനും ജയം സ്വന്തമാക്കി.
‘പരന്പര’ സാക്ഷി…
സ്കോട്ട് ബോലണ്ടിന്റെ മികവിൽ മൂന്നാം ടെസ്റ്റിൽ ഇന്നിംഗ്സ് ജയം സ്വന്തമാക്കിയ ഓസ്ട്രേലിയ ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരന്പര 3-0ന് ഉറപ്പാക്കി. എന്നാൽ, ഓസ്ട്രേലിയൻ തദ്ദേശ മനുഷ്യപരന്പരയുടെ മുഴുവൻ ഹീറോ ആയിരിക്കുകയാണ് മുപ്പത്തിരണ്ടുകാരനായ ബോലണ്ട്. ഓസ്ട്രേലിയയിലെ ആദിവാസികളുടെ പ്രതിനിധിയാണ് ബോലണ്ട്. അരങ്ങേറ്റ ടെസ്റ്റിൽതന്നെ മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി. അതോടെ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച ആദ്യ കറുത്ത വർഗക്കാരനായ ജോണി മുല്ലഹിന്റെ പേരിലുള്ള മാൻ ഓഫ് ദ മാച്ച് മെഡലും ബോലണ്ടിനു സ്വന്തം.
ഓസ്ട്രേലിയൻ ആദിവാസി അഥവാ ഇൻഡിജെനസ് ഓസ്ട്രേലിയൻ (ഫസ്റ്റ് ഓസ്ട്രേലിയൻസ്) വിഭാഗത്തിൽ പെടുന്ന ആളാണ് ബോലണ്ട്. തദ്ദേശ വിഭാഗക്കാരിൽനിന്ന് ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ ഇടം പിടിക്കുന്ന നാലാമത് മാത്രം കളിക്കാരനാണ് ബോലണ്ട്, രണ്ടാമത്തെ മാത്രം പുരുഷതാരവും.
വനിതാ മുൻ താരം ഫെയ്ത്ത് തോമസ് (1958), നിലവിലെ കളിക്കാരി ആഷ് ഗാർഡ്നർ (2019 മുതൽ) എന്നിവരും പുരുഷടീമിൽ ഒരുകാലത്തെ മികച്ച പേസർ ആയിരുന്ന ജെയ്സണ്‍ ഗില്ലെസ്പിയുമാണ് (1996-2006വരെ) ഓസീസ് ടെസ്റ്റ് ടീമിൽ ഇടം പിടിച്ച തദ്ദേശ വിഭാഗക്കാർ.
മെൽബണ്‍ നഗര പ്രാന്തത്തിലാണ് ബോലണ്ടിന്റെ ജനനം. ആഭ്യന്തര ക്രിക്കറ്റിൽ 2011 -12ൽ വിക്ടോറിയയ്ക്കായി അരങ്ങേറി. 2018-2019 സീസണിൽ ഷെഫീൽഡ് ഷീൽഡ് ട്രോഫി വിക്ടോറിയ സ്വന്തമാക്കിയത് ബോലണ്ടിന്റെ മികവിലായിരുന്നു. 19.66 ശരാശരിയിൽ 48 വിക്കറ്റ് ആ സീസണിൽ വീഴ്ത്തി, ഷെഫീൽഡ് ഷീൽഡ് പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരവും സ്വന്തമാക്കി.
ഹോം ഗ്രൗണ്ട് സ്പെഷലിസ്റ്റായാണ് ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ടീമിലുൾപ്പെടുത്തിയത്. മെൽബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ 27 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 25.56 ശരാശരിയിൽ 96 വിക്കറ്റ് ബോലണ്ട് വീഴ്ത്തിയിട്ടുണ്ട്. മാൻ ഓഫ് ദ മാച്ച് സ്വീകരിക്കാനെത്തിയ ബോലണ്ടിനെ സ്റ്റാൻഡിംഗ് ഓവേഷൻ നൽകിയാണ് കാണികൾ വരവേറ്റത്.