2014 ൽ നടന്ന ഒരു കാര്യമാണ്. അധ്യാപകനും വാനനിരീക്ഷകനുമായ അയർ അർക്കാവി ആകാശത്ത് ഒരു പുതിയ നക്ഷത്രത്തെ കണ്ടെത്തി.
അടുത്തുള്ള മറ്റു നക്ഷത്രങ്ങളേക്കാളുമൊക്കെ ചുവന്ന്, തിളങ്ങി നിൽക്കുന്ന നക്ഷത്രത്തെ കണ്ടപ്പോൾ അർക്കാവി ഒരു കാര്യം ഉറപ്പിച്ചു. ഇതൊരു സൂപ്പർനോവയാണ്. അധികം താമസിക്കാതെ നക്ഷത്രം പൊട്ടിത്തെറിച്ച് സൗരയുഥത്തിൽനിന്ന് അപ്രത്യക്ഷമാകും. അതുകൊണ്ടുതന്നെ ആ നക്ഷത്രത്തിനുവേണ്ടി കൂടുതൽ സമയം കളയാൻ അർക്കാവി തയാറായിരുന്നില്ല. എന്നാൽ അർക്കാവിയുടെ റോബട്ടിക് ടെലസ്കോപ്പ് ആ നക്ഷത്രത്തിന്റെ ചലനങ്ങളെല്ലാം ഒപ്പിയെടുത്തുകൊണ്ടിരുന്നു.
2015 ൽ അർക്കാവി തന്റെ ഒരു വിദ്യാർഥിയോട് ടെലസ്കോപ്പിൽ റിക്കാർഡ് ചെയ്യപ്പെട്ട ദൃശ്യങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആ വിദ്യാർഥി കണ്ടത് ലോകത്ത് ഇതുവരെ ആരും കണ്ടിട്ടില്ലാത്ത കാഴ്ചകളായിരുന്നു. പൊട്ടിത്തെറിച്ച് ഇല്ലാതാകേണ്ട ആ നക്ഷത്രം ഇടയ്ക്ക് മങ്ങുകയും വീണ്ടും പൂർവാധികം തിളക്കത്തോടെ തിരിച്ചെത്തുകയും ചെയ്യുന്നു. നക്ഷത്രം വീണ്ടും വീണ്ടും സൂപ്പർനോവയാകുന്നത് കേട്ടുകേൾവി പോലുമില്ലാത്ത സംഭവമായിരുന്നു. അതുകൊണ്ട് അദ്ദേഹം ആ നക്ഷത്രത്തെ കൂടുതൽ നിരീക്ഷിക്കാൻ തുടങ്ങി.
കഴിഞ്ഞ രണ്ടു വർഷങ്ങൾ തുടർച്ചയായി നടത്തിയ പഠനത്തിന്റെ റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. സാധാരണ സൂപ്പർനോവ ഘട്ടത്തിലായാൽ 100 ദിവസം ആകാശത്ത് ജ്വലിച്ച് നിന്നിട്ട് നക്ഷത്രങ്ങൾ പൊട്ടിത്തെറിക്കും. എന്നാൽ അർക്കാവിയുടെ നക്ഷത്രം വർഷങ്ങളായി സൂപ്പർനോവയായി തുടരുകയാണ്.
ഇതിനിടയിൽ അഞ്ചുതവണ നക്ഷത്രത്തിന്റെ തിളക്കത്തിൽ മാറ്റം വന്നിട്ടുണ്ട്.ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രതിഭാസമായതിനാൽ ഇതെങ്ങനെ വിശദീകരിക്കണമെന്ന് അറിയാതെ വിഷമിക്കുകയാണ് ശാസ്ത്രലോകം. 1954 ൽ ഇതേ സ്ഥലത്ത് ഒരു നക്ഷത്രം പൊട്ടിത്തെറിച്ചിരുന്നതായും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.