സ്റ്റാര്‍ ഓഫ് ദി ഇയര്‍

Mohanlalമോഹന്‍ലാല്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ മറ്റാര്‍ക്കും നേടാനാവാത്ത വിജയത്തിളക്കമാണ് മോഹന്‍ലാല്‍ ഈ വര്‍ഷം നേടിയത്. ഒരു വര്‍ഷത്തോളം വരുന്ന ഇടവേളയക്കു ശേഷം മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ആദ്യ മലയാള റിലീസായിരുന്നു ഒപ്പം. ദൃശ്യത്തിനു ശേഷം അമ്പതുകോടി ക്ലബ്ബില്‍ ഇടം നേടിയ ലാല്‍ ചിത്രമായിരുന്നു ഇത്. പിന്നാലെ മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകനുമായി എത്തി 125 കോടി ക്ലബ്ബിന്റെ സുവര്‍ണ്ണ നേട്ടവും. പ്രായത്തെ വെല്ലുന്ന നാട്യ പ്രകടനത്താല്‍ പ്രേക്ഷകരുടെ മനസ് നിറയ്ക്കാനും വിമര്‍ശകരുടെ നാവടപ്പിക്കാനും ലാലിനു കഴിഞ്ഞു. മലയാളത്തിലെ ഇന്നുവരെയുള്ള മികച്ച ഇനിഷ്യല്‍ കളക്ഷനാണ് ചിത്രം നേടിയത്. ഇവിടെ സംഭവിച്ച ഇടവേളയില്‍ വിസ്മയം, ജനതാ ഗാരേജ് എന്നീ ചിത്രങ്ങളുമായി തെലുങ്കില്‍ വിജയം ആവര്‍ത്തിക്കാന്‍ ലാലിനു കഴിഞ്ഞു. ജനതാ ഗാരേജ് തെലുങ്കില്‍ 100 കോടി ക്ലബ്ബിലാണ് ഇടം നേടിയത്. മൊഴി മാറ്റം നടത്തി മാന്യം പുലി എന്ന പേരില്‍ തെലുങ്കിലെത്തിയ പുലിമുരുകന്‍ പ്രദര്‍ശനം തുടരുന്ന മറ്റു തെലുങ്കു ചിത്രങ്ങളേക്കാള്‍ ജനപ്രീതിയാണ് നേടിയിരിക്കുന്നത്.

ഒപ്പത്തിലെ അന്ധ കഥാപാത്രം ജയരാമനായി അഭ്രപാളിയില്‍ ലാലെത്തിയപ്പോള്‍ പ്രേക്ഷകര്‍ക്കു വീണ്ടും ലാല്‍ വസന്തം ആസ്വദിച്ചറിയാനായി. 56–ന്റെ നടപ്പിലും പുലിമുരുകനില്‍ കാട്ടിയ അനായാസ സംഘട്ടന രംഗങ്ങളും അഭിനയ ചാരുതയും ഇരട്ട വിജയനേട്ടമാണ് ലാലിനു സമ്മാനിച്ചത്. പുലിമുരുകന്‍ തീര്‍ത്ത അലയൊലികള്‍ അടങ്ങും മുമ്പേ തന്നെ മുന്തിര വള്ളികള്‍ തളിര്‍ക്കുമ്പോളുമായി വീണ്ടും പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തുകയാണ് ലാല്‍. ചരിത്രത്തിലിടം നേടുന്ന വിജയത്തിളക്കവുമായി ലാല്‍ മാജിക് വീണ്ടും തുടരുകയാണ്. അതുകൊണ്ടു തന്നെ സംശയമില്ലാതെ പറയാം സ്റ്റാര്‍ ഓഫ് ദി ഇയര്‍ മോഹന്‍ലാല്‍ തന്നെ.

ഹീറോയിന്‍ ഓഫ് ദി ഇയര്‍– അപര്‍ണ ബാലമുരളി
Aparna-1
ഇടുക്കിയുടെ പശ്ചാത്തലത്തില്‍ പുതുമയുള്ള കഥ പറഞ്ഞെത്തിയ മഹേഷിന്റെ പ്രതികാരത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നായികയാണ് അപര്‍ണ ബാലമുരളി. നാട്ടിന്‍ പുറത്തിന്റെ നിഷ്ക്കളങ്കതയും കുസൃതിയും പ്രണയവുമെല്ലാം ജിംസി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ആവോളം പകര്‍ന്നു നല്‍കാന്‍ അപര്‍ണയക്കു കഴിഞ്ഞു. തൊട്ടു പിന്നാലെ ഓണക്കാലത്ത് വൃത്യസ്ത പ്രമേയവുമായി എത്തിയ ഒരു മുത്തള്‍ി ഗദയില്‍ രണ്ടു കാലഘട്ടത്തിന്റെ ഗെറ്റപ്പുമായി എത്തി ശ്രദ്ധ നേടാനും ഈ പ്രതിഭയ്ക്കു സാധിച്ചു.

വിനീത് ശ്രീനിവാസന്‍ നായകനായ ഒരു സെക്കന്റ് ക്ലാസ് യാത്രിയിലൂടെയാണ് അപര്‍ണ സിനിമയിലെത്തിയത്. എന്നാല്‍ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ എണ്ണപ്പെട്ട നായിക നിരയിലേക്കാണ് അപര്‍ണയും എത്തിനില്‍ക്കുന്നത്. അഭിനയലാവണ്യത്തിനൊപ്പം ഗായികയായും മികവ് തെളിയിച്ചിരിക്കുകയാണ് അപര്‍ണ. നായികയായി എത്തിയ മഹേഷിന്റെ പ്രതികാരത്തിലെ മൗനങ്ങള്‍ മിണ്ടുമൊരു, ഒരു മുത്തള്‍ി ഗദയില്‍ തെന്നല്‍ നിലാവിന്റെ, അനൂപ് മേനോന്‍– മുരളി ഗോപി ചിത്രം പാവയിലെ വിണ്ണില്‍ തെളിയും മേഘമേ തുടങ്ങിയ ഗാനങ്ങളിലൂടെ ഈ പ്രതിഭയുടെ സ്വര മാധുര്യവും പ്രേക്ഷകര്‍ക്ക് ആസ്വദിച്ചറിയുവാനായി.

പുതു വര്‍ഷത്തില്‍ ആസിഫ് അലിയ്‌ക്കൊപ്പം എത്തുന്ന തൃള്‍ിവപേരൂര്‍ ക്ലിപ്തത്തിലും ഈ നടിയുടെ മികവുറ്റ പാത്രാവിഷ്കാരത്തിനു സാക്ഷികളാകാന്‍ ഓരോ പ്രേക്ഷകനും സാധിക്കും. മൊത്തത്തില്‍ 2015–ല്‍ നായികയായും ഗായികയായും മലയാള സിനിമയില്‍ തന്റെ ഇടം കണ്ടത്താന്‍ അപര്‍ണയ്ക്കു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ ഹീറോയിന്‍ ഓഫ് ദ ഇയറായി അപര്‍ണ ബാലമുരളി മാറിക്കഴിഞ്ഞു.

മൂവി ഓഫ് ദി ഇയര്‍– പുലിമുരുകന്‍
HUNDERED-PULI
മലയാള സിനിമയ്ക്ക് അന്യമെന്നു കരുതിയരുന്ന പല നേട്ടങ്ങളും സ്വന്തമാക്കി ദേശാന്തരത്തോളം സഞ്ചരിക്കുകയാണ് പുലിമുരുകന്‍. രണ്ടു വര്‍ഷത്തോളം വരുന്ന മലയാളി പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിലാണ് മോഹന്‍ലാല്‍– വെശാഖ് ടീമിന്റെ പുലിമുരുകന്‍ തിയറ്ററിലെത്തിയത്. തിയറ്ററിലെത്തുന്നതിനു മുന്നേ തന്നെ പ്രേക്ഷക പ്രതീക്ഷയും അത്രത്തോളം വലുതായിരുന്നു. പ്രേക്ഷകരെ രസിപ്പിക്കാനും പിടിച്ചിരുത്താനും വീണ്ടും വീണ്ടും കാണാനും പ്രേരണ ജനിപ്പിക്കുന്ന എല്ലാ ഘടകങ്ങളും ചിത്രത്തില്‍ സമം ചേര്‍ത്തിരുന്നു. അതുകൊണ്ടു തന്നെ തിയറ്ററിലെത്തിയ അന്നു മുതല്‍ രണ്ടു മാസത്തോളം പുലിമുരുകന്‍ കാണാന്‍ ജനപ്രവാഹമായിരുന്നു ഓരോ തിയറ്ററിലും. മലയാളത്തില്‍ ഉയര്‍ന്ന കളക്ഷനും ഇന്ത്യയ്ക്കകത്തും പുറത്തുമായി ചിത്രം നേടിയ ആരാധകവൃന്ദവും പുലിമുരുകന്റെ മാറ്റുകൂട്ടുന്നു.

ഇന്ത്യന്‍ സിനിമാ മേഖലയില്‍ മലയാള സിനിമ ശക്തമെങ്കിലും പരിമിതമായ വാണിജ്യ മേഖല എന്നത് ഒരു വെല്ലുവിളിയായിരുന്നു. അതിനെയാണ് പുലിമുരുകന്‍ പൊളിച്ചെഴുതിയിരിക്കുന്നത്. മലയാളത്തില്‍ ഒരു സൂപ്പര്‍ഹിറ്റു ചിത്രം നേടുന്ന കളക്ഷന്‍ 25 കോടി എന്നുനില്‍ക്കെ അത്രത്തോളം മുതല്‍ മുടക്കില്‍ ടോമിച്ചന്‍ മുളകുപാടമാണ് ഈ ചിത്രം നിര്‍മിച്ചത്. മാസ് ഹിറ്റു ചിത്രങ്ങളുടെ സംവിധായകന്‍ വൈശാഖ് ചിത്രത്തിനെ ഒരു ദൃശ്യ വിരുന്നാക്കിയപ്പോള്‍ 125 കോടി കളക്ഷന്‍ എന്നതു നിശ്ചിത ദിവസം കൊണ്ട് നേടിയെടുത്തു. ഭാഷയ്ക്കതീതമായി വമ്പന്‍ താരനിരയാണ് ചിത്രത്തിലെത്തിയത്. ഒപ്പം വിദേശ രാജ്യങ്ങളില്‍ പോയി യഥാര്‍ഥ പുലിയെ അഭിനയിപ്പിച്ചതും മികച്ച ഗ്രാഫിക്‌സ് ഒരുക്കിയതും മലയാളികളുടെ കാഴ്ചയുടെ ആവര്‍ത്തനത്തെ തകിടം മറിക്കുകയായിരുന്നു. ഇവയ്‌ക്കെല്ലാം പുറമെ മുരുകന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന മോഹന്‍ലാലിന്റെ നടനവൈഭവവും, ഷാജി കുമാര്‍ ഒരുക്കിയ കാടിന്റെ ഫ്രെയ്മുകളോരോന്നും ഭാഷാ വ്യത്യസമില്ലാതെ പ്രേക്ഷകര്‍ക്കു പുത്തന്‍ അനുഭവമായിരുന്നു.

ലോക സിനിമകള്‍ കൈക്കുമ്പിളില്‍ എത്തുന്ന പ്രേക്ഷകനു മുന്നില്‍ സിനിമ എന്ന വ്യവസായ കല അതിവിശാലമാണ്. അവിടെ പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് ഇനിയും ഏറെ അവസരമുണ്ടെന്നു പുലിമുരുകന്‍ ഓര്‍മിപ്പിക്കുന്നു. മികച്ച സൃഷ്ടികളെ കൊടുത്താല്‍ മലയാള സിനിമയ്ക്കു ലോക വിപണിയില്‍ ഇനിയുമേറെ ദൂരം മുന്നോട്ടു പോകാന്‍ കഴിയുമെന്ന് ചിത്രം കാണിച്ചുതരുന്നു.

താരങ്ങളുടെ പ്രായമോ കഥയുടെ പുതുമയോ എന്നതിനുമപ്പുറം സിനിമയെന്ന കലയ്ക്കു സഞ്ചരിക്കാനാവുന്ന വിശാലമായ ശാസ്ത്രീയ വളര്‍ച്ചയും കഥപറച്ചിലിന്റെ നവ ആഖ്യാനങ്ങളും മാസ് ചേരുവകളുടെ മികവാര്‍ന്ന ഇടകലര്‍ത്തലും ഉണ്ടെങ്കില്‍ ആസ്വാദന– വാണിജ്യ മേഖലയില്‍ ഇനിയും മുന്നോട്ടു പോകാനാകുമെന്നാണ് പുലിമുരുകന്‍ കാട്ടിത്തരുന്നതും. അതുകൊണ്ടു തന്നെ മലയാള സിനിമയ്ക്കു പുത്തന്‍ ദിശാബോധം നല്‍കിയ പുലിമുരുകനുള്ളതാണ് 2016 ലെ മൂവി ഓഫ് ദ ഇയര്‍ പട്ടം.

ഡയറക്ടര്‍ ഓഫ് ദി ഇയര്‍– വൈശാഖ്
vushak
മാസ് ചിത്രങ്ങളിലൂടെ നിരവധി ഹിറ്റുകള്‍ മലയാളത്തില്‍ സൃഷ്ടിച്ച സംവിധായകനാണ് വൈശാഖ്. രണ്ടു വര്‍ഷത്തോളമായി ഒരു ചിത്രത്തിനു വേണ്ടി പണിപ്പെടുകയും അതിനെ മലയാളം കാണാത്ത ദൃശ്യമാമാങ്കമായി അഭ്രപാളിയിലെത്തിക്കാനും കഴിഞ്ഞതാണ് സംവിധായകന്‍ വൈശാഖിന്റെ വിജയം. കാടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന കഥ, നായകനൊപ്പം കഥാപാത്രമാകുന്ന പുലി, നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാവാത്ത ഷൂട്ടിംഗ് തുടങ്ങി നിരവധി വെല്ലുവിളികളെ സ്വയം തോളിലേറ്റിയാണ് സംവിധായകന്‍ വൈശാഖ് പുലിമുരുകനുമായി മുന്നോട്ടു പോയത്.

വലിയൊരു കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമെങ്കിലും കഥയില്‍ കൂടുതല്‍ മാറ്റത്തിന് ഇടമില്ല എന്ന തിരച്ചറിവില്‍ നിന്നുമാണ് മലയാള സിനിമ ഇന്നുവരെ കാണാത്ത ആക്ഷന്‍ മാസ് ചിത്രമായി വൈശാഖ് പുലിമുരുകനെ ഒരുക്കിയത്. മികച്ച ടെക്‌നീഷ്യന്‍മാരുടെ സഹകരണത്തോടെ തന്റെ സിനിമയെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി നിലനിര്‍ത്താന്‍ വൈശാഖിനു കഴിഞ്ഞു. പറഞ്ഞുകേട്ട കഥാതന്തുവിനെ പുത്തന്‍ പ്രതലത്തില്‍ പ്രതിഷ്ഠിക്കുമ്പോഴും ചിത്രം സുരക്ഷിതമാക്കാനുള്ള വഴികള്‍ വൈശാഖ് മുന്‍കൂട്ടി കണ്ടിരുന്നു. അതുകൊണ്ടു തന്നെ ഒരു സാങ്കല്‍പിക കഥയെ സിനിമയാക്കുമ്പോഴുള്ള സ്വാതന്ത്യത്തിനെ മികവാര്‍ന്ന രീതിയില്‍ കഥാഗതിയില്‍ ഉപയോഗിക്കാനായി വൈശാഖിന്.

അന്യഭാഷാ ചിത്രങ്ങള്‍ ടെക്‌നിക്കലി മികവിന്റെ പിന്തുണയാല്‍ നമ്മുടെ പ്രേക്ഷകരെ വിസിമയിപ്പിച്ചപ്പോള്‍ അത്തരമൊരു പരീക്ഷണം ഏറ്റെടുക്കാന്‍ കാണിച്ച വൈശാഖിന്റെ ധൈര്യമാണ് പുലിമുരുകനായി മുന്നില്‍ നില്‍ക്കുന്നത്. സുരക്ഷിതമായി പോകാവുന്ന സിനിമകള്‍ മുന്നില്‍ നില്‍ക്കുമ്പോഴും വെല്ലുവിളികളെ തരണം ചെയ്ത് ഏറെനാളത്തെ പ്രയത്‌നത്തിനൊടുവിലാണ് ഈ ചിത്രം വൈശാഖന്‍ തയ്യാറാക്കിയത്. സിനിമാ ചരിത്രത്തില്‍ സ്വര്‍ണലിപികളാല്‍ പേരു ചേര്‍ക്കപ്പെട്ട വൈശാഖിന്റെ നിശ്ചയദാര്‍ഢ്യത്തിനുള്ളതാണ് 2016–ന്റെ ഡയറക്ടര്‍ ഓഫ് ദ ഇയര്‍ നിറവ്.

Related posts