കാട്ടാക്കട : നക്ഷത്ര ആമയെ വിൽപ്പന നടത്താൻ ശ്രമിച്ച മൂന്ന് പേരെ വനം വകുപ്പ് പിടികൂടി. തിരുവനന്തപുരം, തിരുമല, തൃക്കണ്ണാപുരം, ആറാമട, പേരൂർകോണം, കൃപാ ഭവനിൽ എസ് .ബിജുമോൻ (42), ആര്യനാട് ഇരിഞ്ചൽ അനിൽ ഭവനിൽ ജെ.അനിൽ കുമാർ (42), കാട്ടാക്കട, കൊറ്റംപള്ളി,വെട്ടുവിളാകത്ത് റോഡരികത്തുവീട്ടിൽ എ.നാണു (72) എന്നിവരാണ് പിടിയിലായത്.
ഇവരെ തിരുവനന്തപുരം വനം ഡിവിഷനു കീഴിലെ പരുത്തിപ്പള്ളി റെയിഞ്ചിന്റെ പരിധിയിൽ പേഴുംമൂട്, പള്ളിവേട്ട റോഡിൽ ഇരിഞ്ചൽ സി. എസ്. ഐ. പള്ളിക്കു സമീപമുള്ള പണി തീരാത്ത വീട്ടിൽ വച്ച് വ്യാഴാഴ്ച വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും ഉദ്ദേശം 50 വയസ് പ്രായമുള്ള പെൺ വർഗത്തിൽപ്പെട്ട നക്ഷത്ര ആമയെ കണ്ടെടുത്തു.
വിപണിയിൽ പത്തു ലക്ഷം രൂപയോളം വില ലഭിക്കുമെന്ന് പിടിയിലായവർ പറയുന്നു. ആമയെ കടത്തി കൊണ്ടു വന്ന വാഹനം കസ്റ്റഡിയിലെടുത്തു. പ്രതികളെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂട്ട് പ്രതികൾക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടു കിട്ടിയിട്ടില്ല.
പരുത്തിപ്പള്ളി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറായ ആർ. വിനോദ്, പരുത്തിപ്പള്ളി റെയിഞ്ച് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറായ റ്റി. എസ്. അഭിലാഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസറായ മുഹമ്മദ് നസീർ, ഫോറസ്റ്റ് വാച്ചർ വരദരാജൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പരിശോധനയിലാണ് പ്രതികൾ വലയിലായത്.