തളിപ്പറമ്പ്: ലക്ഷങ്ങള്‍ മോഹവിലയുള്ള നക്ഷത്ര ആമകളെ തളിപ്പറമ്പില്‍ കണ്ടെത്തി. കപ്പാലം തങ്ങള്പള്ളിയുടെ ഉപയോഗശൂന്യമായ കിണറ്റിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ആമകളെ കണ്ടെത്തിയത്. വിവരമറിഞ്ഞ് അപൂര്‍വ ആമകളെ കാണാനായി നിരവധി ആളുകളാണ് ഇവിടെ തടിച്ചുകൂടിയത്.
നക്ഷത്ര ആമകൾ കാണപ്പെട്ടത് തളിപ്പറമ്പ് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെ.എസ്. റിയാസ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പിന്റെ ദ്രുതകര്‍മ സേനാംഗം റിയാസ് മാങ്ങാട് ആമകളെ റേഞ്ച് ഓഫീസിലെത്തിച്ചു. ‘ജിയോസോലന് എലഗന്‍സ്’ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ നക്ഷത്ര ആമകളാണ് ഇവയെന്ന് സ്ഥീരീകരിച്ചിട്ടുണ്ട്.
അനധികൃതമായി വിദേശത്തേക്ക് വ്യാപകമായി കടത്തപ്പെടുന്ന ഇവ സംരക്ഷിത ജീവികളുടെ പട്ടികയില്‍പെടുന്ന വംശനാശഭീഷണി നേരിടുന്നവയാണ്. ആറ് വര്‍ഷത്തോളം പ്രായമുള്ള ഇവ രണ്ടും പെണ് ആമകളാണ്.
മരുഭൂമിയില്‍ മാത്രം കാണപ്പെടുന്ന ഈ അപൂർവ ആമകള്‍ തളിപ്പറമ്പില്‍ എങ്ങിനെ എത്തിയെന്ന് വ്യക്തമല്ല. ആരോ കിണറ്റിലിട്ടതായിരിക്കാനാണ് സാധ്യതയെന്നാണ് പള്ളി അധികൃതര്‍ പറയുന്നത്.
വീടുകളില്‍ സൂക്ഷിച്ചാല്‍ സാമ്പത്തിക നേട്ടവും ഐശ്വര്യവും ഉണ്ടാക്കുന്നവയെന്ന് വിശ്വസിക്കപ്പെടുന്ന നക്ഷത്ര ആമകള്‍ക്ക് വിദേശത്ത് മോഹവിലയാണ്. ഈ രണ്ട് ആമകള്‍ക്ക് 10 ലക്ഷത്തിലേറെ രൂപ വിലമതിക്കുമെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്.
വര്‍ഷംതോറും ആറ് മുതല്‍ 10 വരെ മുട്ടകളിടുന്ന ഇവ എട്ട് വയസ് പൂര്‍ത്തിയാവുമ്പോഴാണ് പ്രായപൂര്‍ത്തിയെത്തുക. ചെറിയ ചെടികളും ഇലകളും മാത്രമാണ് ഇവയുടെ ഭക്ഷണം. പൂര്‍ണ സസ്യഭുക്കുകളായ നക്ഷത്ര ആമകളെ ഇടുക്കിയിലെ ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ നക്ഷത്ര ആമ സംരക്ഷണ കേന്ദ്രത്തില്‍ വിട്ടയയ്ക്കുമെന്ന് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സോളമന് തോമസ് ജോര്‍ജ് പറഞ്ഞു.
നെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിക്കവേ നേരത്തെ പിടികൂടിയ അഞ്ഞൂറോളം നക്ഷത്ര ആമകളെ ഇവിടെ സംരക്ഷിക്കുന്നുണ്ട്. രാജ്യത്തെ ഏക നക്ഷത്ര ആമ സംരക്ഷണ കേന്ദ്രമാണ് ചിന്നാറില്‍ പ്രവര്‍ത്തിക്കുന്നത്. ഡിഎഫ്ഒയുടെ അനുമതി ലഭിച്ചാലുടന്‍ ഇവയെ ചിന്നാറിലേക്ക് കൊണ്ടുപോകും.