കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകന് മിക്കേല്‍ സ്റ്റാറേ കരാര്‍ ഒപ്പിട്ടു. 17 വര്‍ഷത്തോളം പരിശീലക അനുഭവസമ്പത്തുള്ള സ്റ്റാറേ വിവിധ പ്രമുഖ ഫുട്ബോള്‍ ലീഗുകളില്‍ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 48 വയസുകാരനായ സ്റ്റാറേ 2026 വരെയാണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
സ്വീഡിഷ് ക്ലബ്ബായ വാസ്ബി യൂണൈറ്റഡിലൂടെ പരിശീലക കുപ്പായം അണിഞ്ഞ സ്റ്റാറേ 2009ല്‍ സ്വീഡിഷ് ക്ലബ്ബായ എഐകെയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റു. സ്വീഡിഷ് ലീഗായ ഓള്‍സ്വെന്‍സ്കാന്‍, കപ്പ് മത്സരങ്ങളായ സ്വെന്‍സ്ക കപ്പ്, സൂപ്പര്‍കുപെന്‍ എന്നിവ നേടിയതും ഐഎഫ്കെ ഗോട്ടെബര്‍ഗിനൊപ്പം സ്വെന്‍സ്ക കപ്പ് നേടിയതും അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളാണ്
പ്രമുഖ ടീമുകളോടൊപ്പം പരിശീലകനായി നാനൂറോളം മത്സരങ്ങളില്‍ സ്റ്റാറേക്ക് അനുഭവസമ്പത്തുണ്ട്. സ്വീഡന്, ചൈന,നോര്‍വെ,അമേരിക്ക, തായ്ലന്ഡ് എന്നിവിടങ്ങളിലായി പ്രമുഖ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി തായ് ലീഗിലെ ഉതൈ താനിയെയാണ് പരിശീലിപ്പിച്ചത്. ഐഎസ്എല്‍ ചരിത്രത്തിലെ ആദ്യ സ്വീഡിഷ് പരിശീലകന്‍കൂടിയാണ് മിക്കേല്‍ സ്റ്റാറേ.