ലണ്ടൻ: ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ ബൗളിംഗിൽ മിച്ചൽ സ്റ്റാർക്ക് തരംഗം. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 9.4 ഓവറിൽ 26 റണ്‍സിന് സ്റ്റാർക്ക് അഞ്ച് വിക്കറ്റ് സ്വന്തമാക്കി. ഈ ലോകകപ്പിൽ ഇത് രണ്ടാം തവണയാണ് ഓസീസ് പേസർ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിക്കുന്നത്.
ഏകദിന ലോകകപ്പിൽ മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ആദ്യ താരമെന്ന റിക്കാർഡ് ഇതോടെ സ്റ്റാർക്ക് സ്വന്തമാക്കി. രണ്ട് ലോകകപ്പുകളിൽ 20ൽ അധികം വിക്കറ്റ് നേടുന്ന രണ്ടാമത് താരവുമായി. ഗ്ലെൻ മഗ്രാത്ത് ആണ് ഈ നേട്ടം ആദ്യമായി സ്വന്തം പേരിൽ ചേർത്തത്. ന്യൂസിലൻഡിനെതിരേ രണ്ടാം തവണയാണ് ലോകകപ്പിൽ സ്റ്റാർക്ക് അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത്, അതും റിക്കാർഡാണ്. ഈ ലോകകപ്പിൽ എട്ട് മത്സരങ്ങളിൽനിന്ന് 24 വിക്കറ്റ് സ്റ്റാർക്ക് വീഴ്ത്തിയിട്ടുണ്ട്. രണ്ട് നാല് വിക്കറ്റ് നേട്ടവും ഇതിൽ ഉൾപ്പെടും.
ന്യൂസിലൻഡിനെതിരേ 50 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ 243 റണ്‍സ് ആണ് നേടിയത്. ന്യൂസിലൻഡിന്റെ മറുപടി 43.4 ഓവറിൽ 157ൽ അവസാനിച്ചു. ഓസീസിന് 86 റണ്‍സിന്റെ ജയം. ന്യൂസിലൻഡിന്റെ രണ്ടാം തോൽവിയാണിത്. എട്ട് മത്സരങ്ങളിൽനിന്ന് 14 പോയിന്റുമായി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുന്നു.