ചെങ്ങന്നൂർ: അപൂർവ്വ ഇനത്തിൽപ്പെട്ട സംരക്ഷിത ജീവിയായ നക്ഷത്ര ആമയെ ചെങ്ങന്നൂരിനു സമീപം കണ്ടെത്തി.
പോലീസ് എത്തി തിരിച്ചറിഞ്ഞതിനെത്തുടർന്ന് ഇന്ന് വനം വകുപ്പിനു കൈമാറും. പാണ്ടനാട് പഞ്ചായത്ത് മൂന്നാം വാർഡായ പ്രയാർ മുള്ളേലിൽ എം.സി. അജയകുമാറിന്റെ വീട്ടുവളപ്പിൽ വെള്ളിയാഴ്ച വൈകിട്ടാണ് ഇതിനെ കണ്ടത്.
മഞ്ഞ നിറത്തിലുള്ള പുറന്തോടിൽ നക്ഷത്ര അടയാളത്തോടു കൂടിയ ആമയെ , അജയകുമാറിന്റെ ഭാര്യ രാജേശ്വരിയാണ് ആദ്യം കണ്ടത് .
തുടർന്ന് ജീവിയിൽ സംശയം തോന്നിയതിനാൽ വാർഡ് മെമ്പർ ജയിൻ ജിനുവിനെയും പിന്നീട് ചെങ്ങന്നൂർ പോലിസിലും വിവരം അറിയിക്കുകയായിരുന്നു.
പമ്പയാറിന്റെ തീരത്തെ വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസത്തെ കിഴക്കൻ മലവെള്ളപ്പാച്ചലിൽ ആമ ഒഴുകി എത്തിയതാവാം എന്നാണു നിഗമനം.
ചെങ്ങന്നൂർ എസ്. ഐ. നിധീഷിന്റെ നേതൃത്വത്തിലെത്തിയ പോലീസ് വനം വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട ശേഷമാണ് ജീവി നക്ഷത്ര ആമയാണെന്നു സ്ഥിരീകരിച്ചത്.
ഇനി വനം വകുപ്പിനു കൈമാറുന്നതു വരെ ആമയെ അജയകുമാറിന്റെ വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാനാണ് നിർദേശം.